കോന്നി: നാട് കത്തുന്നതിനൊപ്പം ഭൂഗർഭജലനിരപ്പും താഴ്ന്നതോടെ മലയോര ജില്ല കടുത്ത ജലക്ഷാമത്തിലേക്ക്. കോന്നി, അരുവാപ്പുലം, നാറാണംമൂഴി, പ്രമാടം, തണ്ണിത്തോട്, വള്ളിക്കോട്, ഓമല്ലൂർ, റാന്നി, ചിറ്റാർ, സീതത്തോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി ജിയോളജി, ഹൈഡ്റോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭ ജല റീചാർജിംഗ് എന്നിവയെ കുറിച്ച് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. കോന്നി താലൂക്കിലെ കൈത്തോടുകളും, ചെറു ജലാശയങ്ങളും വറ്റിവരണ്ടതോടെ ഗ്രാമീണർ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയിലാണ്.
കുടിവെള്ളം മുട്ടിച്ച് പമ്പിംഗ് മുടക്കം
അച്ചൻകോവിലാറും കല്ലാറും വറ്റിവരണ്ടു തുടങ്ങി. ഈ നദികളെ ആശ്രയിച്ചുള്ള വാട്ടർ അതോറിറ്റിയുടെ പമ്പുഹൗസുകളിൽ ജലദൗർലഭ്യത്തെ തുടർന്ന് ഷിറ്റഫ് സമ്പ്രദായവും മുടങ്ങിത്തുടങ്ങിയിട്ടുണ്ട്. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നില്ല. തണ്ണിത്തോട്ടിലൂടെ കടന്നു പോകുന്ന കല്ലാർ നദിയുടെ മിക്ക ഭാഗങ്ങളും വറ്റിവരണ്ട നിലയിലാണ്. തണ്ണിത്തോട്, തേക്കുതോട്, തല മാനം, മണ്ണീറ, അതുമ്പുംകുളം, പയ്യനാമൺ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലും കന്നാസുകളിലുമാണ് വെള്ളം എത്തിക്കുന്നത്.
കൃഷി കരിഞ്ഞുണങ്ങുന്നു
ഇറിഗേഷൻ വകുപ്പും ജലം എത്തിക്കാതായതോടെ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്. വാഴ ഉൾപ്പെടെയുള്ള കൃഷിയിടങ്ങളെയാണ് കടുത്ത വേനൽച്ചൂട് ബാധിച്ചിട്ടുള്ളത്. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ചെറുകിട ജലസേചന പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട രീതിയിലല്ല ഇവയുടെ പ്രവർത്തനമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പൈപ്പ് പൊട്ടലും വില്ലൻ
ജല അതോറിറ്റിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടില്ല. തകരാറുള്ളവ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിസന്ധി രൂക്ഷമാകുന്നു. പൊതുടാപ്പുകളുടെ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ വ്യാപകമായി വെള്ളം നഷ്ടപ്പെടുന്നു. പ്രദേശങ്ങളിലെ അനധികൃത മണ്ണെടുപ്പും, വയൽ നികത്തലുമാണ് കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നത്.പൊതുകുളങ്ങളും, ജലാശയങ്ങളും നിർമിച്ച് ജലശേഖരണത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ അധികൃതരും തയാറായിട്ടില്ല.
വരാനിരിക്കുന്നത് കൊടിയ വരൾച്ച
വരും മാസങ്ങളിൽ കൊടും വരൾച്ചയ്ക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. വേനലിന്റെ തുടക്കത്തിൽ തന്നെ ജില്ല വറുതിയിലായിരിക്കുന്നു.. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം വറ്റിവരണ്ടു തുടങ്ങി. മിക്കയിടത്തും നദികളിൽ ഒഴുക്കു മുറിഞ്ഞ നിലയിലാണ്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ കൊടും വരൾച്ച ഉണ്ടാകാറുള്ളത്.