
പത്തനംതിട്ട: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നിരിക്കെ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഇന്ന് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 19 ആണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമായതിനാൽ വോട്ടർ പട്ടികയിൽ പേരുകൾ ഉണ്ടെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലായ nvsp.in ൽ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ nvsp.in ലൂടെയാണ് പേര് ചേർക്കേണ്ടത്. പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്‌ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പുതിയ വോട്ടർമാർക്ക് പേര് ചേർക്കൽ തുടരാം. മാർച്ച് 9ന് ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.