കൊടുമൺ : കൊടും ചൂടിൽ കൃഷികൾ കരിഞ്ഞുണങ്ങുന്നു. വരൾച്ചക്ക് കാഠിന്യമേറിയതോടെ ഏക്കറ് കണക്കിന് കൃഷിയാണ് ജില്ലയിലെ പലഭാഗങ്ങളിലും കരിഞ്ഞുണങ്ങുന്നത്. കൊടുമൺ ടെലഫോൺ എക്സ്‌ചേഞ്ചിനു സമീപം മുൻ പഞ്ചായത്തംഗം സഹദേവൻ ഉണ്ണിത്താന്റെ 80 സെന്റ് കൃഷിസ്ഥലത്തെ ഏത്തവാഴകൃഷി കനത്ത ചൂടിനെ തുടർന്ന് ഒടിഞ്ഞു വീണു. കാടുകയറിക്കിടന്ന സ്ഥലം പാട്ടത്തിനെടുത്ത് അരലക്ഷത്തോളം രൂപ ചെലവാക്കിയാണ് കൃഷിയിറക്കിയത്. ഏത്തവാഴയും ചേമ്പും ചേനയും എല്ലാം നശിച്ചിട്ടുണ്ട്. സുഭിക്ഷകേരളം പദ്ധതി അനുസരിച്ചാണ് കൃഷി ചെയ്തത്. പലിശയ്ക്ക് കടമെടുത്ത് കൃഷി ഇറക്കിയത് എല്ലാം പാഴായതായി സഹദേവൻ ഉണ്ണിത്താൻ പറയുന്നു. വെള്ളം കോരാൻ യാതൊരു നിർവാഹവുമില്ലാതെ മുഴുവൻ വാഴക്കുലകളും ഒടിഞ്ഞുവീഴുകയായിരുന്നു. തൊഴിലുറപ്പു പദ്ധതിയിലൂടെ യഥാസമയം കൃഷിക്കാവശ്യമായ ജനസേചന സൗകര്യം ചെയ്തുകൊടുത്താൽ പൊന്നുവിളയുന്ന കൊടുമൺ ഗ്രാമം പച്ചക്കറികളുടെ നാടായി മാറും. മഴയെമാത്രം ആശ്രയിച്ചു കൃഷി ചെയ്ത കൊടുമണ്ണിലെ നൽപ്പാടങ്ങൾ കേരളത്തിൽ നെൽകൃഷിക്കുതന്നെ മാതൃകയായിത്തീർന്നതാണ്. വേനൽ കനത്തതോടെ കരകൃഷിയും കണ്ടത്തിലെ കൃഷിയും ഒരുപോലെ കരിഞ്ഞുണങ്ങിത്തുടങ്ങി. കെ.ഐ.പി കനാൽ തുറന്നുവിട്ടെങ്കിലും കൃഷി ഭൂമിയിലേക്കല്ല വെള്ളം കിട്ടുന്നത്. പല സ്ഥലങ്ങളിലും കനാൽ പൊട്ടി റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. അങ്ങാടിക്കൽ റോഡിൽ കൊന്നക്കോട്ടുപടിയിൽ റോഡ് തോടായാണ് ഒഴുകുന്നത്. പല സ്ഥലത്തും ഇതുതന്നെയാണ് സ്ഥിതി. ഫലത്തിൽ തെന്മല ഡാമിലെ വെള്ളം അഷ്ടമുടിക്കായലിൽ ഒഴുക്കിക്കളയുകയാണ്. കനാൽ ചോർച്ച കാരണം പലവീടുകളുടേയും മുറ്റം കുളമായി. ആവശ്യമുള്ള സ്ഥലങ്ങളിൽ വെള്ളം കിട്ടുന്നുമില്ല.