തിരുവല്ല: ഇന്ധന വില കുതിച്ചുയർന്നതോടെ ഇരുചക്രവാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘങ്ങൾ ഗ്രാമീണ മേഖലകളിൽ വ്യാപകമായി. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലാണ് രണ്ടാഴ്ചയ്ക്കിടെ വ്യാപകമായി പെട്രോൾ മോഷ്ടിച്ചത്. നെടുമ്പ്രം അഞ്ചാം വാർഡിൽ വാഴപ്പറമ്പ് കോളനിക്ക് സമീപത്തെ വീടുകളുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കുകളിൽ നിന്നും കഴിഞ്ഞയാഴ്ച പെട്രോൾ മോഷ്ടിച്ചിരുന്നു. കന്നാസുമായെത്തി ഇവിടുത്തെ മൂന്ന് വീടുകളിലാണ് പെട്രോൾ മോഷണം അരങ്ങേറിയത്. പിറ്റേന്ന് വഴിയിൽ ബൈക്ക് നിലച്ചതോടെയാണ് സംശയം ബലപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ മറ്റു വീടുകളിലും ഇതേസംഭവം ആവർത്തിച്ചു. പെട്രോൾ മോഷ്ടിച്ച് കടക്കുന്നതിനിടെ പുലർച്ചെ മൂന്നിന് ബഹളംകേട്ട് വീട്ടുകാർ ഉണർന്നതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, താമരാൽ, കാരയ്ക്കൽ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ മോഷണം ഉണ്ടായി. വീട്ടുമുറ്റത്തും പോർച്ചിലും മറ്റും പാർക്ക് ചെയ്തിരുന്ന ഒട്ടേറെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ ടാങ്കുകളിൽ നിന്നുമാണ് രാത്രി സമയങ്ങളിൽ പെട്രോൾ കവർന്നത്.
ലഹരി ഉപയോഗിച്ചശേഷം മോഷണം
കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന യുവാക്കളാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ടുചേർന്ന് ലഹരി ഉപയോഗിച്ചശേഷം പാതിരാത്രിയിലാണ് പെട്രോൾ മോഷണം പതിവായിരിക്കുന്നത്. വീട്ടുകാർ പരാതിപ്പെടാത്തതിനാൽ സംഘങ്ങൾ പെട്രോൾ മോഷണം തകൃതിയാക്കിയിരിക്കുകയാണ്.
-------------------
ഓരോ ദിവസവും സ്ഥലം മാറിമാറിയാണ് സംഘങ്ങൾ പെട്രോൾ ഊറ്റിയെടുത്ത് കടക്കുന്നത്. രാത്രികാലങ്ങളിൽ ഗ്രാമീണ മേഖലകളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണം
(നാട്ടുകാർ)