കോഴഞ്ചേരി: ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ അധികൃതർ നടപടി ശക്തമാക്കിയതോടെ 'മാലിന്യ വാഹകർ' ഇടവഴികളിലേക്ക് നീങ്ങിത്തുടങ്ങി. കോഴഞ്ചേരി പഞ്ചായത്തിലെ പ്രധാന പാതയോരങ്ങൾ വിട്ട് ഉൾപ്രദേശങ്ങളിലാണ് ഇപ്പോൾ മാലിന്യക്കെട്ടുകൾ തള്ളുന്നത് പതിവായിരിക്കുന്നത്. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചിരുന്നു. ടൗണിലെ വണ്ടപ്പേട്ടയിലാണ് കഴിഞ്ഞ ദിവസം വരെ മാലിന്യം വൻ തോതിൽ കാണപ്പെട്ടത്. പരാതി വർദ്ധിച്ചതോടെ ഇവിടെ നിന്ന് മാലിന്യം പൂർണമായും നീക്കം ചെയ്തതിനു ശേഷം പഞ്ചായത്ത് അധികൃതർ സി.സി.ടി.വി യും മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചു. തുടർന്നും മാലിന്യം തള്ളാനെത്തിയവരെ അധികൃതർ കൈയോടെ പിടികൂടി നിയമ നടപടിക്കു വിധേയമാക്കിയിരുന്നു. ഇനിയും മാലിന്യം തള്ളിയാൽ കാമറയിൽ കുടുങ്ങുമെന്ന ഭീതിയാണ് ഇക്കൂട്ടരെ ടൗണിലെ ഇടവഴികളിൽ മാലിന്യം തള്ളാൻ പ്രേരിപ്പിക്കുന്നത്. വ്യവസായ കേന്ദ്രം റോഡ്, ടി.ബി. ജംഗ്ഷനിൽ നിന്നുള്ള സുബ്രഹ്മണ്യ ക്ഷേത്രം, കൊല്ലീരേത്ത് ക്ഷേത്രം റോഡുകൾ എന്നിവിടങ്ങളിലേക്കുള്ള റോഡുകൾക്കു സമീപമുള്ള പാടങ്ങളാണ് ഇപ്പോൾ മാലിന്യ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. പഞ്ചായത്തിലെ 12,13 വാർഡുകൾ കേന്ദ്രീകരിച്ചാണ് ജാഗ്രതാ സമിതിയുടെ പ്രവർത്തനം ഊർജ്ജിതമായിരിക്കുന്നത്.

രാത്രിയിലും പകലും മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് വ്യാപാരികളോടും മറ്റും അറിയിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതാനും പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
(ജിജി വർഗീസ്, പഞ്ചായത്ത്

പ്രസിഡന്റ് കോഴഞ്ചേരി )