wall
ആറൻമുള മണ്ഡലത്തിലെ എൽ.ഡി​.എഫ് സ്ഥാനാർത്ഥി വീണാജോർജിന്റെ തി​രഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ളചുവരെഴുത്ത്, പത്തനംതി​ട്ടയി​ലെ കാഴ്ച.

പത്തനംതിട്ട: ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ അങ്കത്തട്ടിലേക്ക്. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നീളുന്നു.

എൽ.ഡി.എഫിൽ സി.പി.എം മത്സരിക്കുന്ന ആറൻമുളയിൽ വീണാജാേർജും കോന്നിയിൽ കെ.യു.ജനീഷ് കുമാറും തുടരെ രണ്ടാമതും ജനവിധി തേടും. സി.പി.എെയുടെ സീറ്റായ അടൂരിൽ ചിറ്റയം ഗോപകുമാർ മൂന്നാമതും മത്സരിക്കും. തിരുവല്ലയിൽ ജനതാദൾ എസിലെ മുൻമന്ത്രി മാത്യു ടി.തോമസ് തുടർച്ചയായി നാലാമതും മത്സരിക്കും. സി.പി.എം കേരള കോൺഗ്രസ് എമ്മിന് വിട്ടു കൊടുത്ത റാന്നിയിൽ ജില്ലാ പ്രസിഡന്റ് എൻ.എം.രാജുവാണ്. ഇന്ന് ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. എൽ.ഡി.എഫിൽ ജില്ലയിലെ ഏക പുതുമുഖ സ്ഥാനാർത്ഥിയാണ് രാജു.

യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ അനിശ്ചതത്വം തുടരുകയാണ്. ആറൻമുളയിൽ മുൻ എം.എൽ.എ കെ.ശിവദാസൻ നായർ കോൺഗ്രസ് ബൂത്ത് കമ്മറ്റികൾ വിളിച്ച് ചേർത്ത് പ്രവർത്തനം തുടങ്ങിയെങ്കിലും കെ.പി.സി.സി സെക്രട്ടറി പഴകുളം മധു പട്ടികയിൽ പുതുതായി ഇടംപിടിച്ചത് ചർച്ചകൾ നീളാൻ കാരണമായി. കോൺഗ്രസ് മത്സരിക്കുന്ന കോന്നി, റാന്നി, അടൂർ മണ്ഡലങ്ങളുടെ കാര്യത്തിലും വ്യക്തതയില്ല. തിരുവല്ല സീറ്റിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗമാണ് മത്സരിക്കുന്നത്. ജോസഫ് എം. പുതുശേരി, കുഞ്ഞുകോശി പോൾ എന്നിവരെയാണ് പരിഗണിക്കുന്നത്. എൻ.ഡി.എയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം 15ന് ഉണ്ടാകുമെന്നാണ് സൂചന. കോന്നി, ആറൻമുള, അടൂർ മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാർത്ഥികളുണ്ടാകും. കോന്നിയിൽ കെ.സുരേന്ദ്രൻ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. റാന്നിയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ തുടർച്ചയായി രണ്ടാം തവണയും മത്സരിച്ചേക്കും.

എൽ.ഡി.എഫ് കൺവെൻഷനുകൾ

അടൂർ, തിരുവല്ല 12ന്

ആറൻമുള 14ന്

അടൂരിൽ ഒരു മുഴംമുമ്പേ എൽ.ഡി.എഫ്

അടൂർ : മൂന്നാം തവണയും ചിറ്റയം ഗോപകുമാർ നിയോജകമണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയാകുമെന്ന പ്രഖ്യാപനം വന്നതോടെ അടൂരിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. 12ന് വൈകിട്ട് 4ന് നിയോജകമണ്ഡലം കൺവെൻഷൻ മുതി​ർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്നതിൽ ഇനിയും വ്യക്തതയില്ല. കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന പന്തളം പ്രതാപനായി​രി​ക്കും എൻ.ഡി.എയുടെ സ്ഥാനാർത്ഥി. കോൺ​ഗ്രസ് വോട്ടുകൂടി​ ലക്ഷ്യമി​ട്ടായി​രി​ക്കും പ്രതാപന്റെ നീക്കം.

'ഉറപ്പാണ് അടൂർ, ഉറപ്പാണ് ചിറ്റയം' എന്ന ലേബലിലാണ് ചിറ്റയം ഗോപകുമാറിന്റെ ഫോട്ടോവച്ചുള്ള പ്രചാരണത്തിന് തുടക്കമായത്. സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുമ്പ് 12ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷൻ വിളിച്ചുചേർത്തതും എൽ. ഡി. എഫി​ന് മേൽക്കൈയാകുന്നു.

അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയി​ൽ മുൻ അടൂർ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം. ജി. കണ്ണൻ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇതിൽ ബാബു ദിവകാരന്റെ പേരിന് എ.ഐ.സി.സി പ്രമുഖ്യം നൽകി​യതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ എ ഗ്രൂപ്പിന്റെ സഹായഹസ്തമാണ് പ്രധാനമായും ഉള്ളത്. ഇതിന് പുറമേ യൂത്ത് കോൺഗ്രസ് പ്രവർത്തകയായ പവിജ പത്മൻ ഉൾപ്പെടെ മൂന്നോളം പേരുകൾ വേറെയും കേൾക്കുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അസംബ്ളി മണ്ഡലത്തിൽ രണ്ടാമതെത്തിയ ബി.ജെ.പി വളരെ പ്രതീക്ഷയോടെയാണ് ഇൗ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.