ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ സജി ചെറിയാനെ വീണ്ടും മത്സരത്തിന് കളത്തിലിറക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം നടത്തിയെങ്കിലും യു.ഡി.എഫും ബി.ജെ.പിയും ഇതുവരെ അവരുടെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവിട്ടിട്ടില്ല. ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകാത്ത സ്ഥിതിയാണ് ഇപ്പോൾ. ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കരുതുന്ന ചെങ്ങന്നൂരിൽ പ്രധാനമായും രണ്ടു പേരുകളാണ് മുന്നിട്ടുനിൽക്കുന്നത്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരായ ആർ.ബാലശങ്കർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ. ബാലശങ്കറിന് ചെങ്ങന്നൂർ മണ്ഡലത്തിൽ വലിയ ബന്ധുബലമുള്ള വ്യക്തിയാണ്. ക്രൈസ്തവ സമൂഹത്തിനിടയിലുള്ള സ്വാധീനവും ബാലശങ്കറിന് ഗുണകരമാണെന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്രനേതൃത്വം ഇദ്ദേഹത്തിന് പേര് ആദ്യഅവസരത്തിൽ മുന്നോട്ട് വെച്ചത്. എന്നാൽ പ്രാദേശിക ബി.ജെ.പി ഘടകത്തിന്റെ പിൻതുണ പാർട്ടി ജില്ലാ പ്രസിഡന്റ് കൂടിയായ എം.വി ഗോപകുമാറിനാണ്. യുവജനങ്ങൾക്കിടയിലും ഹൈന്ദവ, ക്രൈസ്തവ സമൂഹങ്ങൾക്കിടയിലും സ്വീകാര്യതയുള്ള വ്യക്തിത്വമാണ് ഗോപകുമാറെന്നതാണ് പ്രദേശിക നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസിൽ മൂന്ന് പേരുകൾക്കാണ് മുൻതുക്കമുള്ളത്. അതിൽ മൂന്നിട്ടുനിൽക്കുന്നത് എബി കുര്യാക്കോസിന്റെ പേരാണ്. ഉമ്മൻചാണ്ടിയുടെ പിന്തുണയോടെയാണ് എബി കുര്യാക്കോസ് ചെങ്ങന്നൂരിൽ സീറ്റ് ഉറപ്പിക്കാനുള്ള നീക്കം നടത്തുന്നത്. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി എന്ന മുൻഗണനയും എബി കുര്യാക്കോസിനുണ്ട്. എന്നാൽ രമേശ് ചെന്നിത്തല ബാബു പ്രസാദിന് വേണ്ടി കരുക്കൾ നീക്കുന്നുണ്ട്. സജി ചെറിയാൻ എന്ന ശക്തനായ സ്ഥാനാർത്ഥിയെ നേരിടാൻ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയായി വരണമെന്ന ആവശ്യം പ്രാദേശിക നേതാക്കളിൽ ചെലർ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.