തിരുവല്ല: അപ്പർകുട്ടനാട്ടിലെ ജലാശയങ്ങൾ കുംഭച്ചൂടിൽ വറ്റി വരളുകയാണ്. മിക്ക ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കർഷകരെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു. പൊള്ളുന്ന ചൂടിൽ പുറത്തിറങ്ങാനും ഭയപ്പെടുകയാണ് ജനങ്ങൾ. മുമ്പെങ്ങുമില്ലാത്ത വരൾച്ച കൃഷിയെ ബാധിക്കുമോ എന്ന് ഭയപ്പെടുന്നു. പെരിങ്ങര പഞ്ചായത്തിലെ ചില പാടശേഖരങ്ങളിൽ മാത്രമാണ് കൊയ്ത്ത് തുടങ്ങിയത്. മറ്റുള്ള കൃഷിയിടങ്ങളിൽ ഈമാസം അവസാനമോ അടുത്ത മാസത്തിലോ ആണ് നെൽക്കൃഷിയുടെ വിളവെടുപ്പ് നടക്കുക. വേങ്ങൽ, ഇരുകര, മാണിക്കത്തകിടി തുടങ്ങിയ പാടശേഖരങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ഇടത്തോടുകൾ പൂർണമായി വറ്റിത്തുടങ്ങി. കൃഷി ഭൂമിയേക്കാൾ താഴ്ന്നനിലയിൽ നദികളിലെ ജലനിരപ്പെത്തിയതോടെ വെള്ളം പാടശേഖരങ്ങളിലേക്ക് പമ്പ് ചെയ്യേണ്ടി വരുന്നു. പകൽനേരത്തെ കടുത്ത ചൂട് വിളവിനെ ബാധിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. പമ്പ, മണിമല നദികളിൽ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. നദികളിൽ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളും വറ്റുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്നതുപോലെ പകൽ സമയങ്ങളിൽ 34 ഡിഗ്രിയാണ് അപ്പർ കുട്ടനാട്ടിലെ ഇപ്പോഴത്തെ ശരാശരി താപനില. കരിനിലങ്ങളിൽ വിളവിറക്കിയ കർഷകരാണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. അനുദിനം ചൂടുകൂടി വരുന്നതിനാൽ വേനൽ മഴയിലാണ് ഇനിയുള്ള പ്രതീക്ഷ.


തോടുകളിൽ പോളനിറഞ്ഞു

ജലാശയങ്ങളിലെ വെള്ളം താഴുന്നതിന് പിന്നാലെ നദികളിലേയും തോടുകളിലേയും പോളയുടെ ശല്യവും കർഷകരെ കടുത്ത ദുരിതത്തിലാക്കുന്നു. നഗരത്തിൽ നിന്നും പെരിങ്ങര പഞ്ചായത്തിലൂടെ ഒഴുകുന്നതും കൃഷിയ്ക്ക് ആശ്രയിക്കുന്നതുമായ ചന്തത്തോടിന്റെ സ്ഥിതിയും അതിദയനീയമാണ്. പോളയും പായലും തിങ്ങിനിറഞ്ഞു ജലത്തിന്റെ സ്വാഭാവിക നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. മുൻവർഷങ്ങളിൽ തോട് തെളിച്ചെങ്കിലും വീണ്ടും പോളയും മാലിന്യവും നിറഞ്ഞു. ശരിയായ രീതിയിൽ ബണ്ടുകെട്ടി ബലപ്പെടുത്താതിനാൽ തിട്ടയിടിഞ്ഞ് തോടുകളുടെ ആഴവും കുറഞ്ഞു.

പകൽ 34 ഡിഗ്രി താപനില

പമ്പ, മണിമല നദികളിൽ ജലനിരപ്പ് താഴ്ന്നു