postal

പത്തനംതി​ട്ട : നിയമസഭ തി​രഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് സേവനത്തിലുള്ള 16 അവശ്യ സർവീസ് മേഖലയിലെ ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിനുള്ള ക്രമീകരണം ജില്ലയിൽ ഏർപ്പെടുത്തി.
ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, ഇല്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (ഓൾ ഇന്ത്യാ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ്, ഏവിയേഷൻ), ആംബുലൻസ്, ഇലക്ഷൻ കമ്മി​ഷൻ പോളിംഗ് കവറേജിന് അംഗീകാരം നൽകുന്ന മാദ്ധ്യമ പ്രവർത്തകർ, ഏവിയേഷൻ, ഷിപ്പിംഗ് എന്നീ അവശ്യ സർവീസിൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനു സേവനത്തിലുള്ള ജീവനക്കാർക്കാണ് തപാൽ വോട്ടിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിനു ക്രമീകരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അതത് വകുപ്പുകൾക്ക് ഓരോ നോഡൽ ഓഫീസർ ഉണ്ടായിരിക്കും. ഈ നോഡൽ ഓഫീസർമാർ പോസ്റ്റൽ ബാലറ്റ് ചെയ്യേണ്ട ജീവനക്കാർക്ക് ഫോറം 12 ഡി നൽകുകയും തുടർന്ന് പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ ശേഷം മാർച്ച് 17 നകം റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്യണം.
അപേക്ഷയിലെ വിവരങ്ങൾ വോട്ടർ പട്ടികയുമായി ഒത്തുനോക്കി ശരിയെന്ന് ബോധ്യപ്പെട്ടാൽ ബാലറ്റ് ഇഷ്യൂ ചെയ്യും. തുടർന്ന് റിട്ടേണിംഗ് ഓഫീസർമാർ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട നിയോജകമണ്ഡലത്തിൽ ഒരു പോസ്റ്റൽ വോട്ടിംഗ് സെന്റർ (പി.വി.സി) സ്ഥാപിക്കും. ഇത്തരത്തിൽ അപേക്ഷ നൽകിയ വോട്ടർമാർക്ക് പോസ്റ്റൽ വോട്ടിംഗ് കേന്ദ്രത്തിൽ വന്ന് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇവരുടെ വോട്ടർ പട്ടികയിൽ പി.ബി എന്ന് മാർക്ക് ചെയ്യും.
പോസ്റ്റൽ ബാലറ്റ് ചെയ്യുന്ന വോട്ടർമാർക്ക് പി.വി.സിയുടെ മേൽവിലാസം, പ്രവൃത്തി ദിവസം, സമയം എന്നിവ സംബന്ധിച്ച് അറിയിപ്പ് എസ്.എം.എസ്, നോഡൽ ഓഫീസർമാർ എന്നിവ വഴി ലഭ്യമാക്കും. രാവിലെ ഒമ്പത് മുതൽ വൈകി​ട്ട് അഞ്ച് വരെയായിരിക്കും വോട്ട് ചെയ്യാനുള്ള അവസരം. പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ തുടർച്ചയായി മൂന്നു ദിവസമാണു പ്രവർത്തിക്കുക. തി​രഞ്ഞെടുപ്പിന് മൂന്നു ദിവസം മുൻപെങ്കിലും പോസ്റ്റൽ വോട്ടിംഗ് സെന്ററുകളുടെ പ്രവർത്തനം പൂർത്തിയാക്കും. ഫോറം 13 എ അറ്റസ്റ്റ് ചെയ്യാൻ ഒരു ഗസറ്റഡ് ഓഫീസറെയും ചുമതലപ്പെടുത്തും.