
പത്തനംതിട്ട: കാർഷിക മേഖലയിൽ മികവ് തെളിയിച്ച അഞ്ച് വനിതകൾക്ക് ആദരവുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നബാർഡിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാ ദിനം അചരിച്ചു.ശോഭനാ വിജയൻ,ഇ.കെ. വിലാസിനി, ജെസി വർഗീസ്, അമ്പിള സി, അമ്പിളി വറുഗീസ് എന്നിവരെയാണ് ആദരിച്ചത്.
കഠിനാദ്ധ്വാനത്തീലുടെ മണ്ണിൽ നിന്ന് പൊന്ന് വിളയിച്ച തിരുവല്ല കല്ലുങ്കൽ സ്വദേശിനി ശോഭനാ വിജയൻ . ഭർത്താവ് വിജയന്റെയും കുടുബത്തിന്റെയും സഹായത്തോടെ പാവൽ, പടവലം, പയർ തുടങ്ങിയ പച്ചക്കറി കൃഷിയിലാണ് മികവ് തെളിയിച്ചത്.
ഫലസംസ്‌കരണ മേഖലയിൽ നിന്നും ഉപജീവനം കണ്ടെത്തി മാതൃക കാട്ടുകയാണ് ഇലന്തൂർ സ്വദേശിനിയായ ഇ.കെ. വിലാസിനി. ശ്രീവൽസം ഫുഡ് ഇൻഡസ്ട്രീസിലൂടെ 100 ൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 35 വനിതകൾക്ക് പരിശീലനവും ഇ.കെ. വിലാസിനി നൽകുകയുണ്ടായി
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി കെ.വി.കെ കോയിപ്രം ബ്ലോക്കിന്റെ സഹായത്തോടെ നടത്തുന്ന കരുത്ത് പദ്ധതിയിൽ പ്രവർത്തിക്കുകയാണ് ജെസി വർഗീസ്,
2018 മുതൽ പുല്ലാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന അമ്പിള സി. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ പുല്ലാട് ബ്ലോക്കിലെ കർഷകർക്ക് എത്തിച്ചുകൊടുക്കന്നതിന് നേതൃത്വം നൽകി... സുഭിക്ഷ കേരളം, ജൈവ ഗൃഹം തുടങ്ങിയ പദ്ധതികൾ മാതൃകാപരമായി നടപ്പിലാക്കി.
കൊവിഡ് കാലഘട്ടത്തിൽ 1.80 ലക്ഷം പച്ചക്കറിതൈകൾ ഉല്പാദിപ്പിച്ച് കർഷകരിലെത്തിച്ച് പച്ചക്കറി കൃഷി വ്യാപനത്തിന് നേതൃത്വം നൽകിയാണ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഫാം മാനേജർ അമ്പിളി വറുഗീസ്ശ്രദ്ധേയയായത്. കൂടാതെ സ്ത്രീകൾക്ക് കെ.വി.കെയുടെ ഫാമിൽ 350 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 35 ടണ്ണിലധികം പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനും നേതൃത്വം നൽകി.
ആദരിക്കൽ സമ്മേളനത്തിൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. റേച്ചൽ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കാർഡ് ഡയറക്ടർ റവ. ഏബ്രഹാം പി. വർക്കി മുഖ്യപ്രഭാഷണം നടത്തി.. കൃഷി അസി. ഡയറക്ടർ അമ്പിളി സി, കൃഷി വിജ്ഞാന കേന്ദ്രം എക്സ്റ്റൻഷൻ വിഭാഗം സബ്ജക്റ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദൻ, പ്രേഗ്രാം അസിസ്റ്റന്റ് ഗായത്രി എസ്. എന്നിവർ പ്രസംഗിച്ചു.