മല്ലപ്പള്ളി: തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാന ദിവസമായ ഇന്നലെ നിരവധിയാളുകൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിന് താങ്ങാനാകുന്നതിലും കൂടുതൽ ആളുകൾ വെബ്‌സൈറ്റ് ഉപയോഗിച്ചതാണ് വോട്ടുചേർക്കാൻ കഴിയാതെ വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ അക്ഷയ കേന്ദ്രങ്ങളിലും ഓൺലൈൻ സർവീസ് കേന്ദ്രങ്ങൾക്ക് മുമ്പിലും നീണ്ട നിരയുണ്ടായിരുന്നു. യുവാക്കൾക്കും താമസ സ്ഥലം മാറിയവർക്കുമാണ് ഇക്കുറി പട്ടികയിൽ ഇടം തേടാൻ കഴിയാഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരുന്നതിനാൽ അസംബ്‌ളി വോട്ടർപട്ടികയിലും വോട്ടുചെയ്യുവാൻ സാധിക്കുമെന്ന് കരുതിയവരും ഇന്നലെ പട്ടിക പരശോധിച്ചപ്പോൾ നിരാശരായി മടങ്ങി. പുതുക്കിയ അന്തിമ വോട്ടർപട്ടിക പുറത്തിറങ്ങിയാൽ മാത്രമെ യഥാർത്ഥ ചിത്രം വൃക്തമാകൂ. ഇതിനിടെ പേര് ഉൾപ്പെടുത്താനുള്ള തീയതി 12വരെ നീട്ടിയതായി വ്യാജ സന്ദേശവും പരന്നു. വെബ്‌സൈറ്റ് പണിമുടക്കിയതിനാൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകണമെന്നാണ് രാഷ്ട്രീയപാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ആവശ്യം.