
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ പെരുമാറ്റചട്ട ലംഘനങ്ങൾക്കെതിരെ നടപടികൾ ഊർജ്ജിതമാക്കി. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകൾ, ബാനറുകൾ, ചുമരെഴുത്തുകൾ, കൊടികൾ, ഫ്‌ളക്‌സുകൾ തുടങ്ങിയ പ്രചാരണ സാമഗ്രികൾ പൊതുസ്ഥലങ്ങളിൽ നിന്നും സ്വകാര്യ ഇടങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി.
ജില്ലയിൽ ഇതുവരെ 10225 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. ഇതിൽ ഒരു ചുമരെഴുത്ത്, 5286 പോസ്റ്ററുകൾ, 2501 ബാനറുകൾ, 2437 കൊടികൾ എന്നിവ ഉൾപ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് 173പോസ്റ്ററുകളും 60 കൊടികളും ഉൾപ്പടെ 233 സാമഗ്രികളും നീക്കം ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം അനുസരിച്ചാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിച്ച, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റി ഡെഫെയ്‌സ്‌മെന്റ്, സ്റ്റാറ്റിക് സർവെയ്‌ലൻസ്, വീഡിയോ സർവെയ്‌ലൻസ് തുടങ്ങിയ വിവിധ സ്‌ക്വാഡുകൾ വഴി സർക്കാർ അധീനതയിലുള്ള സ്ഥലങ്ങളിലേയും പൊതുഇടങ്ങളിലെയും പോസ്റ്ററുകൾ, ബാനറുകൾ, ചുമരെഴുത്തുകൾ തുടങ്ങിയവ നീക്കം ചെയ്യും.