
കടമ്പനാട് : ഇളംതെന്നൽ പോലെയാണ് തെന്നല ബാലകൃഷ്ണപിള്ള. ഒരുകാലത്ത് കോൺഗ്രസിന്റെ മുൻ നിര പോരാളിയായിരുന്ന തെന്നല എന്നും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യമാണ്. ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം അടൂരിനെ പ്രതിനിധീകരിച്ച് രണ്ടു തവണയാണ് നിയമസഭയിലെത്തിയത്.
ശൂരനാട് സ്വദേശിയായ അദ്ദേഹത്തെ അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന അടൂരിൽ മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
അടൂർ താലൂക്ക് രൂപീകരിക്കാൻ കഴിഞ്ഞത്, അടൂരിൽ കെ എസ് ആർ ടി സി, ഡിപ്പോ അനുവദിച്ചത് തുടങ്ങിയ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതിനെക്കുറിച്ച് അദ്ദേഹം അഭിമാനത്തോടെ ഒാർക്കുന്നു. അഞ്ച് നിയമസഭാ തിരഞ്ഞെടുപുകളിലാണ് തെന്നല അടൂരിൽ മത്സരിച്ചത്. . 1967, 77, 80,82, 87, വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ. രണ്ട് തവണ വിജയിച്ചു. 77 ലും 82 ലും . 67 ൽ സപ്തകക്ഷി മുന്നണിക്കെതിരെയായിരുന്നു മത്സരം. തോൽവി മുന്നിൽ കണ്ടുതന്നെയായിരുന്നു മത്സരിച്ചതെന്ന് തെന്നല പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ തോറ്റു. അന്ന് തിരഞ്ഞെടുപ്പ് ചെലവ് സ്വന്തമായി വഹിക്കണമായിരുന്നു. 33000 രൂപയാണ് അന്ന് ആകെ ചെലവായത്.. പറക്കോട്ടെ ഒരു വ്യാപാരി 100 രൂപ സംഭാവന നൽകി. ബാക്കി തുക ശൂരനാട്ടെ വസ്തു വിറ്റ് കണ്ടെത്തി. 1970-ൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ അടൂർ സീറ്റ് സി.പി.ഐക്ക് നൽകി. തെങ്ങമം ബാലകൃഷ്ണനായിരുന്നു സ്ഥാനാർത്ഥി . തെങ്ങമത്തിനു വേണ്ടി പ്രവർത്തിച്ചു ജയിപ്പിച്ചു. 75 ൽ തിരത്തെടുപ്പ് നടന്നില്ല. 77 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചു. 80 ൽ വീണ്ടും മത്സരിച്ചു. എ.കെ ആന്റെണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് വിട്ട് ഇടതു പക്ഷവുമായി സഹകരിച്ചത് അന്ന് തോൽവിക്ക് കാരണമായി. 82-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇക്കാലയളവിലാണ് അടൂർ താലൂക്ക് രൂപീകരിച്ചതും അടൂരിൽ ഇന്നു കാണുന്ന കെ.എസ് ആർ ടി സി സ്റ്റാൻഡ് അനുവദിച്ചതും. പട്ടികജാതി കോളനികളിൽ അടിസ്ഥാന സൗകര്യവികസനം എത്തിക്കാനും പുതിയ റോഡുകൾ നിർമ്മിക്കാനും കഴിഞ്ഞു. ഗ്രാമീണ മേഖലകളിലേക്ക് കൂടുതൽ ട്രാൻസ്പോർട്ട് ബസുകൾ ആരംഭിച്ചു.87 ലെ തിരത്തെടുപ്പിൽ ആർ. ഉണ്ണികൃഷ്ണപിള്ളയോട് 1226 വോട്ടിന് പരാജയപെട്ടു. മത്സരത്തിന് നേതൃത്വം കൊടുക്കേണ്ട ചിലരുടെ വ്യക്തി താൽപര്യങ്ങളായിരുന്നു അന്ന് തനിക്ക് തിരിച്ചടിയായതെന്ന് തെന്നല പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റും എം.പിയുമായി രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.