ve

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു. ജില്ലയിലെ 453 ഓക്‌സിലറി പോളിംഗ് ബൂത്തുകളിൽ ഏഴെണ്ണം താൽകാലികമായി ക്രമീകരിക്കാനുള്ള ഒരുക്കം തുടങ്ങി. ഇവയുടെ നിർമാണം 15 ന് പൂർത്തിയാകും. പുതിയ ബൂത്തുകൾ വോട്ടർമാർക്ക് പരിചിതമാകുന്നതിന് വേണ്ടിവരുന്ന സമയം കൂടി കണക്കിലെടുത്താണ് ഇവ നേരത്തെ തയാറാക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ

റാമ്പുകൾ, ടോയ്‌ലറ്റുകൾ, വൈദ്യുതി, വെള്ളം, സൈനേജുകൾ, പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും പ്രത്യേക കവാടങ്ങൾ, ആവശ്യമായ ഫർണിച്ചറുകൾ, ഹെൽപ്പ് ഡസ്‌ക് , മാസ്‌ക്, ഗ്ലൗസ് കോർണറുകൾ എന്നിവ ബൂത്തുകളിൽ ഉണ്ടാകണം. റാമ്പുകൾ ആവശ്യമുള്ള ബൂത്തുകളിൽ നിർമാണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുൻപ് ഹെൽപ്പ് ഡസ്‌കും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തും.

വേണ്ടത് 10 ബയോ ടോയ്‌ലറ്റുകൾ

പോളിംഗ് ബൂത്തുകളോടനുബന്ധിച്ച് 10 ബയോ ടോയ്‌ലറ്റുകൾ ജില്ലാ ശുചിത്വ മിഷൻ മുഖേന ക്രമീകരിക്കും. വോട്ടെടുപ്പിന് മുമ്പ് എല്ലാ പോളിംഗ് കേന്ദ്രങ്ങളും അണുവിമുക്തമാക്കി ടോയ്‌ലറ്റുകൾ ശുചീകരിക്കും.

ആൾക്കൂട്ട നിയന്ത്രണം

കൂടുതൽ പോളിംഗ് ബൂത്തുകളുള്ള കേന്ദ്രങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിനായി എൻ.സി.സി, എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും വോളണ്ടിയർമാരുടെയും സേവനം പ്രയോജനപ്പെടുത്തും.

പ്രശ്‌ന സാദ്ധ്യതയുള്ള ബൂത്തുകൾ

ജില്ലയിൽ പ്രശ്‌ന സാദ്ധ്യതയുള്ള 31 ബൂത്തുകളാണുള്ളത്. ഇവ ഉൾപ്പെടെ ജില്ലയിലെ 765 ബൂത്തുകളിലെ പോളിംഗ് നടപടിക്രമങ്ങൾ വെബ്കാസ്റ്റിംഗ് നടത്തും. പോളിംഗ് ഉദ്യോഗസ്ഥർ ബൂത്തുകളിൽ എത്തുന്നതു മുതലുള്ള നടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കാണാൻ കഴിയും വിധമുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. വെബ് കാസ്റ്റിംഗ് സാദ്ധ്യമല്ലാത്ത ബൂത്തുകളിൽ റെക്കോർഡിംഗ് ഉള്ള സി.സി.ടി.വിയുണ്ടാകും.

തപാൽ വോട്ട്

ഭിന്നശേഷിക്കാർക്കും എൺപതു വയസിനു മുകളിലുള്ളവർക്കും കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള 12 ഡി ഫോറത്തിന്റെ വിതരണം ആരംഭിച്ചു. ഭിന്നശേഷി, കൊവിഡ് പോസിറ്റീവ്, ക്വാറന്റൈൻ വിഭാഗങ്ങളിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് മുൻകൂട്ടി വാങ്ങിവയ്ക്കണം. തപാൽ വോട്ടിന് അർഹരെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കുന്നവർക്കു മാത്രമാണ് ബി.എൽ.ഒമാർ 12 ഡി ഫോറം നൽകുക. പൂർണമായും പൂരിപ്പിച്ച 12 ഡി ഫോറം തിരിച്ചു നൽകുന്നവരുടെ പേരിനൊപ്പം വോട്ടർ പട്ടികയിൽ തപാൽ വോട്ട് എന്ന് മാർക്കു ചെയ്യും. ഇവർക്ക് പിന്നീട് പോളിംഗ് ബൂത്തിൽ പോയി വോട്ടു ചെയ്യാനാവില്ല.