വെണ്മണി : വെണ്മണി മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി സ്മാരകമായി നിർമ്മിച്ച ഹൈടെക് സ്‌കൂൾ കോംപ്‌ളക്‌സിന്റെ ഉദ്ഘാടനം 15ന് നടക്കും. വൈകിട്ട് 4ന് സെഹിയോൻ മാർത്തോമാ പാരിഷ് ഹാളിൽ ചേരുന്ന ശതാബ്ദി ആഘോഷ സമാപന സമ്മേളനം മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായിരിക്കും. മാർത്തോമ സഭ ചെങ്ങന്നൂർ, മാവേലിക്കര, ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പ അനുഗ്രഹപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി.,സജി ചെറിയാൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുനിമോൾ, മാർത്തോമ സ്‌കൂൾ കോർപ്പറേറ്റ് മാനേജർ ലാലമ്മവർഗീസ്,ആഘോഷ കമ്മിറ്റി ചെയർമാൻ റവ.വി.ടി.ജോസൻ, സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയ, ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ എന്നിവർ സംസാരിക്കും. ഹൈടെക് സ്‌കൂൾ കോംപ്‌ളക്‌സിന്റെ ഒന്നാം നിലയുടെ കൂദാശ ഉച്ചകഴിഞ്ഞ് 2.30ന് തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയും തോമസ് മാർ തിമൊഥെയോസ് എപ്പിസ്‌കോപ്പയും ചേർന്ന് നിർവഹിക്കും. നാല് നിലകളിലായി 24 ക്ലാസ് മുറികളും ഒരു ഓഡിറ്റോറിയവും അടങ്ങുന്നതാണ് ഹൈടെക് സ്‌കൂൾ കോംപ്‌ളക്‌സ്. നിർമ്മാണം പൂർത്തിയാകുമ്പോൾ അഞ്ച് കോടി രൂപ ചെലവ് വരും. ആദ്യഘട്ടമായി പൂർത്തിയാക്കിയ 9 ക്ലാസ് മുറികൾ അടങ്ങിയ ഒന്നാം നിലയ്ക്ക് രണ്ട് കോടി രൂപ ചെലവ് വന്നു. 2019 സെപ്റ്റംബർ 30നാണ് സ്‌കൂളിന്റെ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതായി ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ജിജി മാത്യു സ്‌കറിയ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരാൾക്ക് 7 ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ചു നൽകി. 5ലക്ഷം രൂപ ചെലവിൽ 4 വീടുകൾ പുനരുദ്ധരിച്ചു. ഒരു വിദ്യാർത്ഥിയുടെ കിഡ്‌നി മാറ്റി വെയ്ക്കുന്നതിന് മൂന്നര ലക്ഷം രൂപ നൽകി. 100 ഡയാലിസിസുകൾ സൗജന്യമായി ചെയ്യുന്നതിന് ധനസഹായം നൽകി. വൃക്കരോഗിക്ക് ഒരു ലക്ഷം രൂപ നൽകി. 1920 മേയ് 19ന് വെൺമണി കേന്ദ്രമായി ആരംഭിച്ച സ്‌കൂൾ 1950ൽ ഹൈസ്‌കൂളായും 2000ൽ ഹയർസെക്കൻഡറി സ്‌കൂളായും ഉയർത്തപ്പെട്ടു. 5മുതൽ 12വരെ ക്ലാസുകളിലായി 1100 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ശ്രദ്ധേയമായ ഒട്ടേറെ പ്രതിഭകളെ സൃഷ്ടിക്കാൻ സ്‌കൂളിന് കഴിഞ്ഞു. പത്മഭൂഷൻ ടി.കെ.ഉമ്മൻ, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.എം.എ.ഉമ്മൻ, ഏഷ്യയിലെ ഏറ്റവും കൂടുതൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോ.വേണുഗോപാൽ, മിസോറം ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള,കേന്ദ്ര വഖഫ് ബോർഡ് അംഗം അഡ്വ.നൗഷാദ്, സജി ചെറിയാൻ എം.എൽ.എ. തുടങ്ങിയവർ ഇക്കൂട്ടത്തിൽപെടും. റവ.വി.ടി.ജോസൻ (ചെയർമാൻ),ജിജി മാത്യു സ്‌കറിയ (ജന.കൺവീനർ), എലിസബത്ത് ജോൺ (ജോ.കൺവീനർ), ജോൺ കെ.അലക്‌സാണ്ടർ (പ്രോഗ്രാം കമ്മിറ്റി കൺവീനർ),റോയി കെ.കോശി (പി.ടി.എ.പ്രസിഡന്റ്),ടി.കെ.സൈമൺ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), കെ.വി വർക്കി, പി.എം കോശി(സബ് കമ്മിറ്റി ചെയർമാൻമാർ) എന്നിവരടങ്ങിയ കമ്മിറ്റി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.