u

പത്തനംതിട്ട: ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ സംബന്ധിച്ച ചിത്രം തെളിയുന്നു. രണ്ടു ദിവസത്തിനുള്ളിൽ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. എൽ.ഡി.എഫിൽ റാന്നി ഒഴികെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തിറങ്ങി.

ആറൻമുളയിൽ ശിവദാസൻ നായർ ?

ആറൻമുളയിൽ മുൻ എം.എൽ.എ കെ.ശിവദാസൻ നായർ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സ്ഥാനാർത്ഥിയാകുമെന്ന് മണ്ഡലത്തിലെ പ്രധാന നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു എന്നിവരാണ് പാർട്ടിയുടെ പരിഗണനയിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ.

റാന്നിയിൽ റിങ്കു ചെറിയാൻ ?

റാന്നിയിൽ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ യു.ഡി.എഫ് സ്ഥാനാർത്ഥി ആയേക്കും. അവസാന ചർച്ചകളിൽ റിങ്കുവിനാണ് മുൻഗണന. ഡി.സി.സി വൈസ് പ്രസിഡന്റ് കെ. ജയവർമ്മയുടെ പേര് സജീവ പരിഗണനയലുണ്ടായിരുന്നു.

കോന്നിയിൽ അടൂർ പ്രകാശ് , റോബിൻ ?

നേമത്ത് കെ.മുരളീധരൻ എങ്കിൽ കോന്നിയിൽ അടൂർ പ്രകാശ് മത്സരിക്കുമെന്നാണ് സൂചന. ഇരുവർക്കും മത്സരിക്കണമെങ്കിൽ ഹൈക്കമാൻഡിന്റെ അനുമതി വേണം. കോന്നിയിൽ അടൂർ പ്രകാശ് അല്ലെങ്കിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മത്സരിക്കും.

അടൂരിൽ ബാബു ദിവാകരൻ?

അടൂരിൽ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ സ്ഥാനാർത്ഥിയാകുമെന്നാണ് ലഭിക്കുന്ന വിവരം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനു വേണ്ടി ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു.

തിരുവല്ലയിൽ കഞ്ഞുകോശി പോൾ?

കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന തിരുവല്ലയിൽ കുഞ്ഞുകോശി പോളിനാണ് മുൻഗണന.