പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാർഗ നിർദേശമായി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങൾ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടത്. അച്ചടി ജോലി ഏറ്റെടുക്കുന്നതിനു മുമ്പായി ഈ നിയമത്തിലെ ചട്ടം 127 എ(2) പ്രകാരമുളള നിർദിഷ്ട മാതൃകയിൽ, പ്രസിദ്ധീകരിക്കുന്ന വ്യക്തി ഒപ്പിട്ടതും രണ്ടുപേർ സാക്ഷ്യപ്പെടുത്തിയതുമായ സത്യവാഗ്മൂലത്തിന്റെ രണ്ടു പകർപ്പുകൾ പ്രസ് ഉടമകൾ വാങ്ങണം. പ്രിന്റ് ചെയ്തതിന്റെ ഒരു പകർപ്പും സത്യവാഗ്മൂലവും അച്ചടി കഴിഞ്ഞ് മൂന്നു ദിവസത്തിനകം വരവ് ചെലവ് കണക്ക് സമർപ്പിക്കുന്ന കമ്മിറ്റിയുടെ നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ മുമ്പാകെ ഹാജരാക്കണം. പ്രിന്ററുടേയും പബ്ലിഷറുടെയും പേരും മേൽവിലാസവും അച്ചടിക്കുന്ന പ്രിന്റിന്റെ എണ്ണവും വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും മറ്റ് അച്ചടി സാമഗ്രികളും പ്രിന്റ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഈ വ്യവസ്ഥ ലംഘിച്ചാൽ അനുശാസിക്കുന്ന പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കും.