മല്ലപ്പള്ളി: ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് തുല്യ പരിഗണന നൽകി ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ 2021-22 വർഷത്തേക്കുള്ള ബഡ്ജറ്റ് അംഗീകരിച്ചു. 10,32,93,071 രൂപ വരവും 10,09,48,250 രൂപ ചെലവും 23,44,821 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് തോമസ് മാത്യു അവതരിപ്പിച്ചു. കാർഷിക മേഖലയിൽ നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി കൃഷികൾക്കും തരിശുരഹിത കൃഷിക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. കറവപ്പശുവളർത്തൽ, മത്സ്യക്കൃഷി എന്നിവയ്ക്കും മുൻഗണനയുണ്ട്. ആരോഗ്യമേഖലയിൽ വിവിധ സർക്കാർ ആശുപത്രികൾക്ക് മരുന്നു വാങ്ങുന്നതിനും പാലിയേറ്റീവ് കെയറിനും തുക നീക്കിവെച്ചിട്ടുണ്ട്. അങ്കണവാടികളുടെ അറ്റകുറ്റപ്പണി, അനുപൂരകപോഷകാഹാരം, ആശ്രയ പദ്ധതി, പകൽവീട്, സാമൂഹികക്ഷേമം, പൊതുശ്മശാനം, പൊതുശുചിത്വം, പഞ്ചായത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒരുകോടി പ്രവർത്തികൾ എന്നിവയ്ക്ക് ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബഡ്ജറ്റ് സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.