
വള്ളങ്ങളിൽ തുഴഞ്ഞ് വന്ന് ഒന്നാം സ്ഥാനക്കാരാകുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്നതാണ് ആറന്മുളയിലെ തിരഞ്ഞെടുപ്പ് എന്ന് സങ്കൽപ്പിച്ചാൽ ആരാകും ജേതാക്കൾ?. ആളെണ്ണത്തിലും ആവേശത്തിലും ഒരുപോലെ തുഴയെറിഞ്ഞ് മുന്നേറുന്ന മൂന്ന് വള്ളങ്ങൾ ഫോട്ടോ ഫിനിഷിലേക്ക് സെക്കന്റിലൊരംശത്തിന്റെ വ്യത്യാസത്തിൽ എത്തുമ്പോൾ വിജയികളെ പ്രഖ്യാപിക്കാൻ പ്രയാസപ്പെടുന്ന അനുഭവം. ഇപ്പോഴത്തെ സ്ഥിതിവച്ചു നോക്കിയാൽ ഇങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിലെ അന്തരീക്ഷം. മൂന്ന് മുന്നണികൾക്കും ഇഞ്ചോടിഞ്ച് പോരാടാൻ വളക്കൂറുള്ള മണ്ണ്. ഒരു വ്യത്യാസമുണ്ട്, എൽ.ഡി.എഫ് എന്ന ഇടതുകരയുടെ പള്ളിയോടത്തിന്റെ അമരത്ത് ഒരു വനിതയാണ്, വീണാജോർജ്. കഴിഞ്ഞകുറിയും അങ്ങനെയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ പടിഞ്ഞാറൻ വെയിലിൽ വെട്ടിത്തിളങ്ങിയത് ചുവപ്പ് പതാക. സ്വന്തം കരക്കാരനായ 'വലതു'കരയുടെ കെ.ശിവദാസൻ നായരെ കരയ്ക്കുതന്നെയിരുത്തി, പുറത്തു നിന്നെത്തിയ വീണാജോർജിനെ കരനായികയായി വാഴ്‌ത്തി. നാടിന്റെ നീർത്തടങ്ങൾ നികത്തി വിമാനത്താവളം പണിയാൻ വന്നവരെ കെട്ടുകെട്ടിച്ച എൻ.ഡി.എയുടെ പള്ളിയോടത്തിന്റെ അമരത്തു കണ്ട എം.ടി. രമേശിനും തുഴക്കാർക്കും കയ്യടി കൊടുത്തു വോട്ടർമാർ. വീണയെ വിജയിപ്പിച്ചുവിട്ട ആറന്മുളക്കാർ ശിവദാസൻ നായരെയും രമേശിനെയും ആഴത്തിലേക്ക് വീഴ്‌ത്താതെ താങ്ങി. അതുകൊണ്ട് ഇത്തവണ വീണയ്ക്കെതിരെ വീണ്ടും മത്സരിക്കാനുള്ള പുറപ്പാടിലാണ് ശിവദാസൻ നായർ. എൻ.ഡി.എയുടെ ക്യാപ്ടനെ രണ്ടു ദിവസത്തിനുള്ളിലറിയാം.
വിഷയങ്ങൾ മാറി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ പ്രധാന പ്രചരണം വിഷയം വിമാനത്താവളമായിരുന്നു. പൈതൃക കലാരൂപത്തിന്റെയും വിശ്വാസസംരക്ഷണത്തിന്റെയും വിഷയത്തിൽ പ്രതികരിച്ച ആറന്മുളക്കാർ വിമാനത്താവളത്തിനൊപ്പം നിന്ന യു.ഡി.എഫിന്റെ പള്ളിയോടത്തെ വോട്ടായുധം കൊണ്ട് പമ്പയാറ്റിലേക്ക് മറിച്ചിട്ടു. പൊരുതി തുഴഞ്ഞു കയറിയപ്പോൾ അവർ രണ്ടാം സ്ഥാനത്തായി. വർഷം അഞ്ച് പിന്നിട്ടു. വിമാനത്താവള പദ്ധതിക്കാർ പായും തലയണയും മുറുക്കി സ്ഥലം വിട്ടു. നാട് വികസനത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ചു. പ്രകൃതി പിണങ്ങി മഹാപ്രളമായി മാറിയപ്പോൾ പമ്പ കലിതുള്ളി പെരുകിപ്പാഞ്ഞു. പിന്നെ, ശാന്തമായി കര തഴുകിയൊഴുകുന്ന നേരത്താണ് കൊവിഡ് മഹാവ്യാധിയായി വാതിൽ തുറന്നെത്തിയത്. ദുരന്തങ്ങളെ പ്രതിരോധിച്ച് വികസനത്തിനുള്ള കുതിപ്പിലാണ് ഇപ്പോൾ പാർത്ഥസാരഥിയുടെ നാട്. തിരഞ്ഞെടുപ്പിൽ വികസനമാണ് വിഷയം. പദ്ധതികളേറെ നടപ്പാക്കിയെന്നാണ് വീണാജോർജ് എം.എൽ.എയുടെ വാദം. വീണ്ടും ആറന്മുളയുടെ അമരം പിടിക്കാൻ നേട്ടങ്ങളുടെ പട്ടിക നിരത്തുന്നു. റോഡ് വികസനം, ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ടെർമിനൽ ഉദ്ഘാടനം, സ്കൂൾ കെട്ടിടങ്ങളുടെ നവീകരണം, ടൂറിസം പദ്ധതികൾ. ഇങ്ങനെ എണ്ണിയെണ്ണി പറയുമ്പോൾ, ആറന്മുളയ്ക്ക് പുതിയതായി തന്നതെന്താണ് എന്നാണ് മറുകരയുടെ ചോദ്യം. കെ.എസ്.ആർ.ടി.സി ടെർമിനലിന് തറക്കല്ലിട്ടത് താനാണെന്ന് യു.ഡി.എഫിന്റെ മുൻ എം.എൽ.എയും ഇത്തവണ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുമുള്ള കെ.ശിവദാസൻ നായർ വാദിക്കുന്നു. നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്ത ടെർമിനലിൽ നിന്ന് ബസ് സർവീസ് ഒാപ്പറേറ്റ് ചെയ്യാൻ ഇതുവരെ കഴിഞ്ഞോ എന്നും ചോദിക്കുന്നു.
ഇത്തവണ ഒന്നാമതെത്താൻ നോക്കുന്ന മൂന്നാം സ്ഥാനക്കാരാണ് എൻ.ഡി.എ. വിമാനത്താവള പദ്ധതി തടഞ്ഞതിന്റെ നേട്ടം, വോട്ടുനേട്ടത്തിലുണ്ടായ മുന്നേറ്റം, ശബരിമല വിശ്വാസ സംരക്ഷകർ, മോദി സർക്കാരിന്റെ വികസന ക്ഷേമപദ്ധതികൾ...ഇതൊക്കെ പറഞ്ഞാണ് അവർ ആറന്മുളക്കാരുടെ മനസു ചോദിക്കുന്നത്. സ്ഥാനാർത്ഥിയാരെന്ന് തീരുമാനമായില്ലെങ്കിലും പോരാടാൻ എൻ.ഡി.എയുടെ തുഴക്കാർ ഒരുങ്ങിയിരിക്കുകയാണ്.
പ്രചരണം തുടങ്ങി
തിരഞ്ഞെടുപ്പ് പ്രചാരണം ആറന്മുളയിൽ തുടങ്ങി. വഞ്ചിപ്പാട്ടും ആർപ്പുവിളികളുമായി മൂന്ന് മുന്നണികളുടെയും പ്രവർത്തകർ കരകളിൽ വരവറിയിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി വീണാജോർജുമായി പ്രവർത്തകർ എല്ലാ ജംഗ്ഷനുകളിലും ആവേശ പ്രകടനങ്ങൾ നടത്തി. യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികൾ നിരന്നാൽ തുഴത്താളത്തിന് വിസിലൂതും. ചുവരെഴുത്തുകൾ സജീവമായി. തീവെയിലിൽ തളരാതെ രാവിലെയും വൈകുന്നേരങ്ങളിലുമാണ് മുന്നണികളുടെ പ്രവർത്തകർ കൂട്ടംകൂടുന്നത്. ഭവന സന്ദർശനങ്ങൾ രാവിലെയും വൈകുന്നേരവുമാക്കി. എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ യാത്രയും യു.ഡി.എഫിന്റെ എെശ്വര്യ കേരളയാത്രയും എൻ.ഡി.എയുടെ വിജയയാത്രയും മണ്ഡലത്തിൽ കാഹളമുയർത്തി.
പോരാട്ടത്തിന്റെ നാളുകൾ
1996
കടമ്മനിട്ട രാമകൃഷ്ണൻ (സി.പി.എം) 34657
എം.വി. രാഘവൻ (സി.എം.പി) 31970
വി.എൻ. ഉണ്ണി (ബി.ജെ.പി) 8856
ഭൂരിപക്ഷം 2687
2001
മാലേത്ത് സരളാ ദേവി (കോൺഗ്രസ്) 37025
എ. പത്മകുമാർ (സി.പി.എം) 32900
വി.എൻ. ഉണ്ണി (ബി.ജെ.പി) 10219
ഭൂരിപക്ഷം 4125
2006
കെ.സി. രാജഗോപാൽ(സി.പി.എം) 34007
കെ.ആർ. രാജപ്പൻ (കോൺഗ്രസ് വിമതൻ) 19387
മാലേത്ത് സരളാദേവി (കോൺഗ്രസ്) 8244
ഭൂരിപക്ഷം 14620
2011
കെ. ശിവദാസൻനായർ (കോൺഗ്രസ്) 64845
കെ.സി. രാജഗോപാൽ(സി.പി.എം) 58334
കെ. ഹരിദാസ് (ബി.ജെ.പി) 10227
ഭൂരിപക്ഷം 6511
2016
വീണാജോർജ് (സി.പി.എം) 64523
കെ. ശിവദാസൻനായർ (കോൺഗ്രസ്) 56877
എം.ടി. രമേശ് (ബി.ജെ.പി) 37906
ഭൂരിപക്ഷം 7646
2019 ലോക്‌സഭ
ആന്റോ ആന്റണി (കോൺഗ്രസ്) 59277
വീണാ ജോർജ് (സി.പി.എം) 52684
കെ.സുരേന്ദ്രൻ (ബി.ജെ.പി) 50487
2020 തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടുനില
യു.ഡി.എഫ് 54486
എൽ.ഡി.എഫ് 53621
എൻ.ഡി.എ 28361