painting
അടൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം ചുവർ പരസ്യമെഴുതുന്ന പെയിൻ്റിംഗ് ആർട്ടിസ്റ്റുകൾ

അടൂർ : വടിവൊത്ത അക്ഷരങ്ങളിൽ നിറങ്ങൾ ചാലിച്ച് ചുവരുകളിൽ എഴുതിച്ചേർത്ത സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അറിയാതെയങ്ങ് മനസിൽ കടന്നുകൂടിയിരുന്ന കാലം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് എന്നത് ചുവരുകളിൽ നിന്ന് ജനം അറിഞ്ഞ നാളുകൾ. ക്രമേണ ഫ്ളക്സും വർണ്ണ അച്ചടികളും നവമാദ്ധ്യമങ്ങളും രംഗപ്രവേശം ചെയ്തതോടെ ചുവരെഴുത്തുകൾ മാഞ്ഞുതുടങ്ങി.

എന്നാൽ ഇത്തവണ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഫ്ളെക്സിനും പ്ളാസ്റ്റിക്കിനും നിരോധനം ഏർപ്പെടുത്തിയതോടെ ചുവരുകളിൽ വീണ്ടും സ്ഥാനാർത്ഥികളും രാഷ്ട്രീയ നിറങ്ങളും തെളിഞ്ഞിരിക്കുന്നു. ഇത് ഒരുകൂട്ടം ചിത്രകാരന്മാരുടെ നല്ലകാലം കൂടിയാകുകയാണ്. കൊവിഡ് കാലത്തെ പ്രതിസന്ധികളെ തുടർന്ന് ഉപജീവനത്തിന് വഴിയില്ലാതെ വലഞ്ഞവർ തിരഞ്ഞെടുപ്പ് കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് ആരവം ഉയർന്നുവന്നതിന് തൊട്ടുപിന്നാലെ പഴയകാലത്തെപ്പോലെ ചുവരുകൾ മത്സരിച്ച് ബുക്ക് ചെയ്തത് ഇൗ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേകതയായിരുന്നു. മുമ്പ് ഉടമയുടെ അനുമതി വേണ്ടിയിരുന്നില്ലെങ്കിൽ ഇപ്പോൾ അനുമതിയോടെ മാത്രമേ ചുവരെഴുത്തുകൾ നടത്താനാകൂ. അടൂർ നിയോജ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ ചുവരെഴുത്തുകൾ പ്രത്യക്ഷമായി. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമല്ലാത്തതിനാൽ അവർ ബുക്ക് ചെയ്തിട്ട ചുവരുകൾ സ്ഥാനാർത്ഥിക്കായി കാത്തിരിപ്പിലാണ്. തിരുവല്ലയിൽ മാത്യു ടിയും ആറൻമുളയിൽ വീണാജോർജും കോന്നിയിൽ ജനീഷ് കുമാറും ചുവരുകളിൽ ഇടംപിടിച്ചു.

നീലവും കുങ്കുമവും ചാലിച്ച് എഴുതിയിരുന്ന പഴയകാലത്തെ വിസ്മൃതിയിലാക്കി ഫ്ളൂറസന്റ് കളറുകളാണ് ഇപ്പോൾ ചുവരുകളെ വർണാഭമാക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ഏറെ സ്വാഗതം ചെയ്യുന്നു. ചുവരെഴുത്ത് തിരികെ വന്നതിലൂടെ നിരവധി ചിത്രകാരന്മാർക്ക് തൊഴിലായി.

നിസരി രാജൻ,

സംസ്ഥാന ജനറൽ സെക്രട്ടറി,

കേരള പെയിന്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് കൗൺസിൽ