പത്തനംതിട്ട: പ്രപഞ്ചത്തെ തൊട്ടറിയാൻ ജ്യോഗ്രഫി ലാബുമായി വാഴമുട്ടം നാഷണൽ യു.പി.സ്‌കൂൾ. ഭൂമിയും, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ മാത്രമൊതുങ്ങില്ല. ഇവയെ കുട്ടികൾക്ക് നേരിട്ട് പഠിക്കാനാണ് വാഴമുട്ടം നാഷണൽ യു.പി.സ്‌കൂളിൽ ജിയോ ലേണിംഗ് ലാബ് തയാറായിരിക്കുന്നത്. ഭൂമിയിൽ നിൽക്കുന്ന സ്ഥലത്തെ നേരിട്ട് ഗ്ലോബിൽ കയറി മനസിലാക്കാം. ഭൂമിയെ ചുറ്റിക്കറങ്ങുന്ന ഉപഗ്രഹം എന്തു ചെയ്യുന്നു, എന്ന് കുട്ടികൾക്ക് നേരിട്ട് കാണാം. ധ്രുവങ്ങളും, ഞാറ്റുവേലയും മനസിലാക്കി സൗരയൂഥവും സപ്തർഷികളും കടന്ന് കുഞ്ഞു മനസുകൾ പ്രപഞ്ചത്തിലൂടെ യാത്ര ചെയ്യുന്നതിനാണ്, ജ്യോഗ്രഫി ലാബിലൂടെ വാഴമുട്ടം നാഷണൽ യു.പി.സ്‌കൂൾ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് സ്‌കൂൾ മാനേജർ രാജേഷ് ആക്‌ളേത്ത്, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.ടി. ലാബുകളും, ശാസ്ത്ര ലാബുകളും, ഗണിത ലാബുകളും, ലാംഗ്വേജ് ലാബുകളും പഠനപ്രക്രിയയിൽ വിദ്യാർഥികക്ക് നൽകുന്ന മികവ് ശ്രദ്ധേയമാണ്. എന്നാൽ സാമൂഹ്യ പാഠങ്ങളെ സാമൂഹ്യ ശാസ്ത്രമായി കാണുകയും പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനായാണ് നാഷണൽ യു.പി.സ്‌കൂളിൽ ഭൂമിശാസ്ത്ര ലാബിന് തുടക്കമിടുന്നത്. 35 ഓളം ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിൽ തന്നെ നൂതനമായ ഈ ഭൂമി ശാസ്ത്ര ലാബിന് ചുക്കാൻ പിടിക്കുന്നത് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ മലപ്പുറം സ്വദേശി മനോജ് കോട്ടയ്ക്കലും സഹ അദ്ധ്യാപകരുമാണ്. ഇന്ന് ലാബിന്റെ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത്പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിക്കും. ലാബിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ജില്ലാതല ശില്പശാലയും സ്‌കൂളിൽ സംഘടിപ്പിക്കും. പഠനപ്രവർത്തനങ്ങൾ എല്ലാ സ്‌കൂളിലെയും കുട്ടികൾക്കായി പ്രയോജനപ്പെടുത്താനാവും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ അദ്ധ്യാപിക ദീപ്തി ആർ.നായർ, വിദ്യാർഥികളായ ജസ്റ്റിൻ റെൻജി ജോർജ് , ഋഷികേശ് ആർ.പിള്ള, ദേവിക എസ്,അക്‌സ അമൃതകുമാർ എന്നിവർ പങ്കെടുത്തു.