തണ്ണിത്തോട് : കോന്നി - തണ്ണിത്തോട് വനപാതയ്ക്കരികിൽ ആദിവാസികൾ ഇഞ്ചതല്ലിയുണക്കുന്ന തിരക്കിലാണ്. അടവിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഇത് കൗതുക കാഴ്ചയുമാകുന്നു. പലരും വാഹനങ്ങൾ നിറുത്തി ഇഞ്ചതല്ലുന്നത് കാണുകയും വാങ്ങി കൊണ്ടുപോവുകയും ചെയ്യുന്നു. വനത്തിലെ വലിയ മരങ്ങളിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന ഇഞ്ചവള്ളികൾ വെട്ടിയെടുക്കുന്നതും മുള്ള് കളയുന്നതും സാഹസികമാണ്. മരത്തോളം ഉയരം വയ്ക്കുന്നതാണ് ഇഞ്ചവള്ളികൾ. മൂത്തവള്ളിക്ക് 25 മീറ്ററോളം നീളവും പത്ത് ഇഞ്ചോളം കനവും വളർച്ചയായാൽ ഇഞ്ച വെട്ടിയെടുക്കും. വള്ളികൾ ചതച്ചാണ് ഉപയോഗിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഉണങ്ങി കിട്ടും.
ഇഞ്ചയുടെ തൊലി ഉണക്കി ദേഹത്ത് തേച്ച് കുളിക്കുന്നത് ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും ത്വക്ക് രോഗങ്ങളെ അകറ്റാനും സഹായിക്കുന്നുണ്ട്. വളർച്ചകാലയളവിന്റെ അന്ത്യത്തിൽ ഒരിക്കൽ മാത്രം പുഷ്പ്പിക്കുകയും, പുനരുത്പാദനം നടത്തിയ ശേഷം നശിക്കുകയും ചെയ്യുന്ന സസ്യ ഗണത്തിൽപ്പെട്ട ബഹുവർഷിയാണ് ഇഞ്ച. മധ്യരേഖ വനങ്ങളിലും സമതലങ്ങളിലുമാണ് ഇഞ്ച കൂടുതലായി കാണപ്പെടുന്നത്.
വനത്തിലെ സ്വർണ്ണം
തണ്ണിത്തോട് മൂഴിയിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ശശി, ഓമന ദമ്പതികൾ പേരുവാലിയിൽ ഇഞ്ച പരുവപ്പെടുത്തി വിൽപ്പന നടത്തുന്നുണ്ട്.
പുരുഷൻമാർ മരത്തിൽ കയറി ഇഞ്ചവെട്ടുമ്പോൾ സ്ത്രീകൾ തല്ലിയുണക്കും. 5 മീറ്റർ നീളമുള്ള ഒരു പൊളിയ്ക്ക് 100 രൂപയാണ് വില. വനശ്രീ ഡിപ്പോകൾ വഴി വിൽക്കുന്ന ഇഞ്ചയ്ക്ക് കിലോയ്ക്ക് 80 രൂപ വരെ ആദിവാസികൾക്ക് ലഭിക്കും. തേൻ, കുന്തിരിക്കം, പൊന്നാമ്പു എന്നിവയ്‌ക്കൊപ്പം ഇഞ്ചയും ആദിവാസി സമൂഹം വനമേഖലയിൽ നിന്ന് പുറംലോകത്തേക്ക് വിപണനം ചെയ്യുന്നു. സ്വർണ്ണ വർണ്ണമുള്ള ഇഞ്ചയാണ് ഏറ്റവും ഔഷധ ഗുണമുള്ളത്.