12-pig-attack1
കാട്ടുപന്നികൂട്ടം നശിപ്പിച്ച പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിലെ നടീൽ വസ്തുക്കളും കൃഷികളും

പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഫാമിലെ കാർഷിക വിളകളും നടീൽ വസ്തുക്കളും ഇന്നലെ രാത്രിയിൽ കാട്ടുപന്നിക്കുട്ടം നശിപ്പിച്ചു. അടുത്ത സീസണിലേക്ക് വിതരണത്തിനായി തയാറാക്കി നഴ്‌സറിയിൽ പരിചരിച്ചുകൊണ്ടിരുന്ന തേക്ക്, റംബൂട്ടാൻ, പുലാസാൻ, മാവ് , ജാതി, തെങ്ങ്, കമുക്, പപ്പായ, കറിവേപ്പ്, അലങ്കാര ചെടികൾ തുടങ്ങിയവയുടെ തൈകളാണ് നശിപ്പിച്ചത്. ഇതിന് ഏകദേശം ഒന്നര ലക്ഷംരൂപ വിലമതിക്കും. ഫാമിൽ കൃഷി ചെയ്ത കപ്പ,കൂവ,പപ്പായ,എള്ള്, കാരറ്റ്,ചേന,ചീര, പച്ചക്കറികൾ എന്നിവയും കുത്തിയിളക്കി. കൂടാതെ വലിയ മരങ്ങളുടെ ചുവട്ടിലും, മരത്തിന്റെ തടയിലും, ചുവടുവശത്തും കുത്തി നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. കൃഷിയിടം മുഴുവൻ കുത്തിമറിച്ചിട്ടിരിക്കുകയാണ്. രാത്രിയിൽ സെക്രൂരിറ്റി ജീവനക്കാരൻ ശബ്ദം കേട്ട് ഫാമിൽ എത്തിയെങ്കിലും പന്നികൂട്ടം ഓടിയടുത്തതിനാൽ പരിഭ്രാന്തനായി അടുത്തുള്ള മുറിയിൽ ഓടിക്കയറുകയായിരുന്നു. ഇന്നലെ പ്രദേശത്ത് വൈദ്യുതി ഇല്ലാതെയിരുന്നതിനാൽ ഫാമിലും, നഴ്‌സറിയിലും വെളിച്ചം ഉണ്ടായിരുന്നില്ല. കർഷകർക്ക് ഭീഷണിയുയർത്തുന്ന കാട്ടുപന്നികളെ തുരത്തുന്നതിന് വനംവകുപ്പ് അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി.റോബർട്ട് ആവശ്യപ്പെട്ടു.