പത്തനംതിട്ട: സംസ്ഥാനത്തെ ക്വാറികളുടെ പെർമിറ്റും പാട്ടവും നീട്ടി നൽകിയ ഉത്തരവിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികാരികളുടെ റിപ്പോർട്ടുകളെ മറികടന്നാണ് പുതിയ ഉത്തരവ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന ധനസമാഹരണത്തിൽ വൻ തുക ഈ ക്വാറി മാഫിയകൾ സംഭാവന നൽകിയതിനെ തുടർന്നാണ് പുതിയ ഉത്തരവെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി വേണമെന്ന കേസ് ഹൈക്കോടതിയിൽ നിലവിലുണ്ട്. ഇത് പരിഗണിക്കാതെ 50 മീറ്റർ ദൂരപരിധിതന്നെ മതിയെന്ന് ഉത്തരവിൽ പറഞ്ഞിരിക്കുന്നതുതന്നെ അഴിമതി നടന്നു എന്നതിന്റെ തെളിവാണ് ഖനനമാഫിയകളും സി.പി.എമ്മും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്നും ബാബു ജോർജ് ആരോപിച്ചു.