
പത്തനംതിട്ട: സ്ഥാനാർത്ഥികളെ സംബന്ധിച്ച യു.ഡി.എഫിലെ അഭ്യൂഹങ്ങൾക്ക് ഇന്ന് വൈകിട്ടോടെ വിരാമമാകും. തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേർന്ന് ഇന്ന് വൈകിട്ട് പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.
എന്നാൽ, പ്രഖ്യാപനം വരും മുൻപേ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളാകാൻ പരിഗണിക്കപ്പെടുന്നവർ പ്രചാരണം തുടങ്ങി.
ആറൻമുളയിൽ കെ.ശിവദാസൻ നായർ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നു. ഇതിനിടെ, ഡി.സി.സി ഒാഫീസിനോടു ചേർന്നുള്ള ചുവരിൽ ആറൻമുളയിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന പോസ്റ്ററുകൾ പതിച്ചത് പുതിയ അഭ്യൂഹങ്ങൾക്കിട നൽകി.
റാന്നിയിൽ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്റെ പേരാണ് ഇന്നലെയും കോൺഗ്രസ് നേതാക്കളിൽ നിന്ന് കേട്ടത്. കോന്നിയിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ സ്ഥാനാർത്ഥിയാകുമെന്നാണ് അറിയുന്നത്. അടൂരിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
പ്രചാരണത്തിന് തുടക്കമിട്ട് എൽ.ഡി.എഫ്
പ്രചാരണ രംഗത്തേക്ക് കടന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥന തുടങ്ങി. ആറൻമുളയിലെ സ്ഥാനാർത്ഥി വീണാജോർജ് രാവിലെ ഏഴുമണിയോടെ രംഗത്തിറങ്ങി. ജില്ലാ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാരെ കണ്ടായിരുന്നു ഇന്നലത്തെ തുടക്കും. ജില്ലാ സ്റ്റേഡിയം ആധുനിക രീതിയിൽ പുതുക്കിപ്പണിയുന്നതിന് അനുമതി നേടിയത് വീണാജാേർജായിരുന്നു. കോന്നിയിൽ കെ.യു.ജനീഷ് കുമാർ വോട്ടർമാരെ നേരിട്ട് കണ്ട് പിന്തുണ തേടി. അടൂരിൽ ചിറ്റയം ഗോപകുമാർ തൊഴിലാളി യൂണിയൻ പ്രവർത്തകരുടെ യോഗങ്ങളിൽ പങ്കെടുത്തു. തിരുവല്ലയിൽ മാത്യു ടി. തോമസ് പ്രമുഖരെ കണ്ട് സഹായം അഭ്യർത്ഥിക്കുന്ന തിരക്കിലാണ്. റാന്നിയിലെ എൽ.ഡി.എഫ് സ്ഥാനർത്ഥി ഇന്ന് മണ്ഡലത്തിൽ എത്തിയേക്കും.
കോന്നിയിലും റാന്നിയിലും എൻ.ഡി.എ പ്രചാരണ രംഗത്തേക്ക്
റാന്നിയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി കെ.പത്മകുമാർ പ്രമുഖരെ കണ്ട് പ്രചാരണ രംഗത്തേക്ക് കടന്നു. കോന്നിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുമെന്ന സൂചനയെ തുടർന്ന് പ്രവർത്തകർ പ്രചാരണത്തിന് തുടക്കം കുറിച്ചു.