തിരുവല്ല: യു.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും അസംബ്ലി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസിന്റെ ആദ്യഘട്ട പര്യടനം ഇന്നലെ കല്ലൂപ്പാറ പഞ്ചായത്തിൽ ആരംഭിച്ചു. വിവിധ വ്യക്തികളെയും വ്യാപാരികളെയും സാമൂഹിക സാംസ്കാരിക രാഷ്ടീയ രംഗങ്ങളിലെ പ്രമുഖരെയും നേരിൽ കണ്ടു. പുതുശ്ശേരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെന്റ് ജോസഫ് ഓർഫനേജ്, ശാസ്താങ്കൽ, ചെങ്ങരൂർ, പൂതാംപുറം, കടുവാക്കുഴി, കല്ലൂപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. എ.ജി.സുരേന്ദ്ര പെരുമാൾ, രതീഷ് പീറ്റർ, റെജി പോൾ, വി.കെ.രാജേഷ്, ജോസ് കുറഞ്ഞൂർ, സാബു തോമസ്, അനിൽ എബ്രഹാം, മുരളീധരൻ നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് തിരഞ്ഞെടുപ്പ് കൺവെൻഷനുശേഷം തിരുവല്ലയിൽ പ്രമുഖരെ കാണും. നാളെ മല്ലപ്പളളി പഞ്ചായത്തിലും 14ന് ആനിക്കാട്, 15ന് കുന്നന്താനം, 16ന് പുറമറ്റം, 17ന് കവിയൂർ,18ന് കടപ്ര,19ന് നിരണം, 20ന് നെടുമ്പ്രം, 21ന് പെരിങ്ങര, 22ന് തിരുവല്ല മുനിസിപ്പാലിറ്റ, 23ന് കുറ്റൂർ പഞ്ചായത്തിലുമാണ് ഒന്നാംഘട്ടം പര്യടനം.
ഇന്ന് എൽ.ഡി.എഫ് മണ്ഡലം കൺവെൻഷനുശേഷം മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ചേരും. 18ന് മുൻപ് ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാക്കും. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും.