നാരങ്ങാനം: യു.ഡി.എഫ് കോട്ടയായി അറിയപ്പെട്ടിരുന്ന ആറന്മുളയുടെ അമരത്ത് കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ വീണാ ജോർജ് തന്നെ വീണ്ടും പോരിനിറങ്ങുന്നു. പുതു മുഖമായി കഴിഞ്ഞ തവണ രംഗ പ്രവേശം ചെയ്ത വീണ ഇക്കുറി ജനകീയ പരിവേഷത്തോടെയാണ് രണ്ടാമത് അങ്കം കുറിക്കുന്നത്. 1300 കോടി രൂപയുടെ വികസന നേട്ടവുമായി പ്രചരണ പരിപാടികൾക്ക് എൽ.ഡി.എഫ് തുടക്കം കുറിച്ചു കഴിഞ്ഞു. മാദ്ധ്യമ രംഗത്ത് സജീവമായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വീണാ ജോർജ് കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നത്. കന്നിയങ്കത്തിൽ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എം.എൽ.എ. ആയിരുന്ന അഡ്വ.ശിവദാസൻ നായരെ പരാജയപ്പെടുത്തിയത്. എസ്.എഫ്.ഐ യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വീണ മാദ്ധ്യമ രംഗത്ത് തിരക്കുള്ള താരമായതോടെ സജീവ രാഷ്ട്രിയത്തിൽ എത്തിയിരുന്നില്ല. നിലവിൽ സി.പി.എം. പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമാണ്. 2012ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരിൽ ഒരാൾ വീണാ ജോർജ് ആയിരുന്നു. മലയാള മാദ്ധ്യമ രംഗത്തെ ആദ്യ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടറായി . മുഖ്യമന്ത്രി പങ്കെടുക്കുന്ന നാം മുന്നോട്ട് എന്ന പരിപാടിയുടെ അവതാരകയാണ് ഇപ്പോൾ. എം.എസ്.സി. ഫിസിക്സിനും ബി.എഡിനും റാങ്ക് നേടിയാണ് വിജയിച്ചത്. മികച്ച ന്യൂസ് റീഡർക്കുള്ള കേരള ടി.വി.അവാർഡ് ലഭിച്ചിട്ടുണ്ട്. നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്, യു.എ.ഇ ഗ്രീൻ ചോയ്സ് അവാർഡുകളും ലഭിച്ചു.സ് ത്രീകൾക്കും കുട്ടികൾക്കുമായുള്ള നിയമസഭാ ഉപസമിതി അംഗം, സഭാ ടി.വി.യുടെ ഉള്ളടക്കം നിശ്ചയിക്കുന്ന കമ്മിറ്റി ചെയർപേഴ്സൺ, എന്നീ നിലകളിലും പ്രവർത്തിക്കുന്നു. അദ്ധ്യാപകനായ ഡോ.ജോർജ് ജോസഫാണ് ഭർത്താവ്. അന്ന, ജോസഫ് എന്നിവർ മക്കളാണ്. പിതാവ് അഡ്വ.പി.ഇ.കുര്യാക്കോസ് പത്തനംതിട്ട ബാറിലെ അഭിഭാഷകനും മാതാവ് റോസമ്മ നഗരസഭാ മുൻ കൗൺസിലറുമാണ്.