പത്തനംതിട്ട : സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ശബരിമല വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പത്തനംതിട്ട പ്രസ് ക്ലബിന്റെ ജനവിധി 2021 പരിപാടിയിൽ, ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധി സർക്കാർ മാനിക്കും. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയം മറ്റ് മുന്നണികൾ കണ്ടു പഠിക്കണം. മത്സര രംഗത്ത് പുതിയ ആളുകൾ വരണം. പരിചയ സമ്പന്നരായവർ മത്സരത്തിൽ നിന്ന് മാറി പാർട്ടി പ്രവർത്തനത്തിലേക്ക് പോകുകയാണ്. അമ്പത് വർഷം ഇരുന്നവർ തുടരാൻ ശ്രമിക്കാതെ മാറി നിൽക്കണം.
കർഷകരെ വഞ്ചിക്കുകയാണ് കോൺഗ്രസും ബി.ജെപിയും. കോൺഗ്രസിന്റെ മാനിഫെസ്റ്റോയിലുള്ളതാണ് കർഷക നിയമം. അത് പ്രാവർത്തികമാക്കുകയാണ് ബി.ജെ.പി ചെയ്തത്. കേരളത്തിൽ എം.എൽ.എമാരെ വിലയ്ക്ക് വാങ്ങി അധികാരത്തിലെത്തുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. കോൺഗ്രസുകാരെയാണ് ഇവർ വാങ്ങുക. ഇടതുപക്ഷം മതേതര പാർട്ടിയാണ്. മതതീവ്രവാദത്തെ ഇടതുപക്ഷം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.