തിരുവല്ല: വൈദ്യുതി മുടക്കം പതിവായ പ്രദേശമായി കടപ്ര മാറിയെന്ന പരാതി വ്യാപകമാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ രാവിലെ എട്ടിന് മുടങ്ങുന്ന വൈദ്യുതി പിന്നീട് വരുന്നത് വൈകിട്ടാണ്. ഇതുകൂടാതെ രാത്രികാലങ്ങളിലും വൈദ്യുതിയുടെ ഒളിച്ചുകളി ഇവിടെ പതിവാണ്. പൊതുജനങ്ങൾക്ക് യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് മിക്ക ദിവസങ്ങളിലും വൈദ്യുതി മുടക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. വൈദ്യുതി കമ്പികളിൽ മുട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റാനായി മിക്ക ദിവസങ്ങളിലും വൈദ്യുതി മുടക്കാറുണ്ട്. എന്നാൽ കാറ്റടിച്ചാൽ ഉടൻതന്നെ ഇവിടങ്ങളിലെ വൈദ്യുതി മുടങ്ങുന്നതും പതിവാണ്. ഇതിനുപുറമെ വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന ജോലികളുടെ ഭാഗമായും പ്രദേശത്ത് വൈദ്യുതി തടസപ്പെടുന്നുണ്ട്. കടപ്ര, നിരണം പഞ്ചായത്തുകളിലെ പരുമല, തിക്കപ്പുഴ, കടപ്ര, ഇരതോട്, സൈക്കിൾമുക്ക്, തേവേരി ആലംതുരുത്തി, പനച്ചമൂട്, നിരണം തോട്ടടി, തോട്ടുമട, ഡക്ക് ഫോം എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടക്കം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. വേനലിലെ കടുത്ത ചൂട് കാരണം പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുന്നവരെയും വൈദ്യുതി മുടക്കം ബുദ്ധിമുട്ടിലാക്കുന്നു.
വ്യാപാരികളും ദുരിതത്തിൽ
വൈദ്യുതി മുടങ്ങിയാൽ പിന്നെ കച്ചവട സ്ഥാപനങ്ങളും ദുരിതത്തിലാകുന്നു. ഫോട്ടോസ്റ്റാറ്റ് മുതൽ കൂൾഡ്രിങ്ക്‌സ് കച്ചവടം വരെ താറുമാറാകും. വരൾച്ച കാരണം നെൽപ്പാടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കർഷകരും ചെറുകിട വ്യാവസായിക സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം വൈദ്യുതി മുടക്കത്തിന്റെ ദുരിതം അനുദിനം അനുഭവിക്കുകയാണ്. പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നും അപ്രഖ്യാപിത വൈദ്യുതി മുടക്കം തടയാൻ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വൈദ്യുതി സംരക്ഷണ ജനകീയ സമിതി ചെയർമാൻ ജിജു വൈക്കത്തുശേരി പറഞ്ഞു.
-രാവിലെ 8 മുതൽ വൈദ്യുതി മുടക്കം