റാന്നി : രാജു എബ്രഹാം എം.എൽ.എയുടെ പാത പിന്തുടർന്ന് മുന്നോട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് എൽ.ഡി.എഫ് റാന്നി നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. റാന്നിയിൽ എൽ എൽ ഡി എഫ് യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാരിന്റെ വികസനത്തോടൊപ്പം റാന്നിയിൽ നടന്ന വികസനപ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. രാജു എബ്രഹാം തുടങ്ങിവച്ച വികസനപ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഏവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രമോദ് നാരായണൻ മണ്ഡലത്തിൽ പുതുമുഖമാണ്. സ്വദേശം പന്തളത്തിനടുത്ത് കുടശനാട്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുൻനിര നേതാക്കളിൽ മാദ്ധ്യമങ്ങളിൽ അധികം കണ്ടിട്ടില്ലാത്ത മുഖം. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു. കമ്മ്യൂണിസ്റ്റ് പരമ്പര്യമുള്ള കുടുംബാംഗമാണ് പ്രമോദിന്റേത്. മുത്തച്ഛൻ പി.കെ ബാലകൃഷ്ണപിള്ള ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് ഇ.എം.എസും തോപ്പിൽ ഭാസിയുമൊക്കെ ഒളിച്ചു താമസിച്ച വീടാണ്. എസ്.എഫ്ഐ പ്രവർത്തകനായിരുന്നു. 22ാം വയസിൽ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ഐക്യരാഷ്ട്രസഭയുടെ യു.എൻ.ഡി.പി വിഭാഗം കേരളത്തിലെ ഏറ്റവും മികച്ച ബ്ളോക്ക് പഞ്ചായത്തായി ഭരണിക്കാവിനെ തിരഞ്ഞെടുത്തത് ഇക്കാലത്താണ്. പാർട്ടിയിലെ പടലപ്പിണക്കങ്ങൾക്കിരയായി പുറത്തേക്കുപോയ പ്രമോദ് കോൺഗ്രസിലെത്തി. രാഹുൽഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി ശ്രദ്ധേയനായി. കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസിലെത്തിയ അദ്ദേഹം പാർട്ടിയുടെ നയരൂപീകരണ വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. ജ്യോതിയാണ് ഭാര്യ. മക്കൾ പ്രണവ്, പ്രാർത്ഥന.

പ്രമോദ് നാരായണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥംഇന്ന് ഉച്ചയ്ക്ക് 2. 30ന് അങ്ങാടി പി ജെ പി ഹാളിൽ നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സി പി .എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യും.