
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകളുടെ വിതരണം ആരംഭിച്ചു. പോളിംഗ് ബൂത്തുകളിലേക്ക് ആവശ്യമായ പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ എന്നിവർക്കായുള്ള നിയമന ഉത്തരവാണ് വിതരണം ചെയ്യുന്നത്. 10ന് ആദ്യ ഘട്ട റാൻഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ട 8272 പേർക്കുള്ള നിയമന ഉത്തരവുകളുടെ വിതരണമാണ് നടക്കുന്നത്. ഉത്തരവുകൾ അതത് വില്ലേജ് ഓഫീസുകളിൽ എത്തിച്ച് ഓരോ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കും. പോളിംഗ് ബൂത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥർക്ക് പുറമേ കരുതൽ ജീവനക്കാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കായുള്ള നിയമന ഉത്തരവാണ് വിതരണം ചെയ്യുന്നത്.
മണ്ഡലം തിരിച്ചുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സെക്കൻഡ് റാൻഡമൈസേഷൻ മാർച്ച് 23നാണ്. അവസാനഘട്ട റാൻഡമൈസേഷൻ ബൂത്ത് തലത്തിൽ ഏപ്രിൽ മൂന്നിന് നടക്കും.
സ്‌ക്വാഡുകൾക്ക് പരിശീലനം നൽകി
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണ സ്‌ക്വാഡുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ കണ്ടെത്തി തടയൽ, സി വിജിൽ ആപ്പ് വഴി ലഭിക്കുന്ന പരാതിയിൽ നടപടി സ്വീകരിക്കൽ, സോഷ്യൽ മീഡിയയിൽ വരുന്ന പെയ്ഡ് ന്യൂസ് ഉൾപ്പെടെയുള്ളവ നിരീക്ഷിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.
മണ്ഡലങ്ങളിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകൾ, വീഡിയോ സർവെയ്‌ലൻസ് ടീമുകൾ എന്നിവർക്കാണു പരിശീലനം നൽകിയത്. ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പണം കൊണ്ട് പോകുന്ന വാഹനങ്ങളിൽ മതിയായ രേഖകൾ ഇല്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ, ഏതൊക്കെ കാര്യങ്ങൾ സ്ഥാനാർത്ഥിയുടെ ചെലവിൽ ഉൾപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.