13-ksrtc-sivagiri
പത്തനംതിട്ട - മൂലൂർ - മെഴുവേലി വഴിയുള്ള കെ.എസ്.ആർ.ടി.സിയുടെ ശിവഗിരി ബസ് സർവീസിന് പാറയ്ക്കൽ എസ്.എൻ.ഡി.പി. ശാഖയ്ക്കു സമീപം സ്വീകരണം നൽകിയപ്പോൾ

ഇലവുംതിട്ട : പത്തനംതിട്ടയിൽ നിന്ന് ഇലവുംതിട്ട മൂലൂർ സ്മാരകം, മെഴുവേലി വഴി ശിവഗിരിക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകി. എല്ലാ മലയാള മാസത്തിലെയും ചതയം നാളിലാണ് ബസ് പുറപ്പെടുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നില്ല. മൂലൂർ സ്മാരകത്തിന് സമീപം മൂലൂർ സ്മാരക കമ്മിറ്റി ചെയർമാൻ കെ.സി.രാജഗോപാൽ, സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, മൂലൂർ സ്മാരക സമിതി സെക്രട്ടറി വി.വിനോദ് , ഇലവുംതിട്ട എസ്.എൻ.ഡി.പി ശാഖയെ പ്രതിനിധീകരിച്ച് സുരേന്ദ്രൻ കുളമക്കോട്, ബ്രമജകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി.
എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, പ്രസിഡന്റുമാരായ എം.സജീവ് ( കാരിത്തോട്ട), എം.ആർ. രാജേന്ദ്രൻ (കോട്ട), ഗോപിനാഥ് ( പട്ടങ്ങാട്), ബാബുജി (പാറയ്ക്കൽ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ ശാഖകളിൽ കന്നിയാത്രയ്ക്ക് സ്വീകരണം ഒരുക്കി. ശാഖകളുടെ ചുമതലയിൽ ബസ് ബുക്ക് ചെയ്തിട്ടായിരുന്നു ഇന്നലത്തെ യാത്ര. മടക്കയാത്ര ഉൾപ്പെടെ ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ ആദ്യ യാത്രയിൽ 12,500 രൂപ കളക്ഷൻ ലഭിച്ചു. പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ 5.45നാണ് ബസ് പുറപ്പെടുന്നത്.
സർവീസ് ആരംഭിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയെങ്കിലും റൂട്ട് പുന:ക്രമീകരണം ആവശ്യപ്പെട്ട് വീണാ ജോർജ് എം.എൽ.എയ്ക്ക് ചെങ്ങന്നൂർ യൂണിയൻ നിവേദനം നൽകിയിരുന്നു.