
പത്തനംതിട്ട : ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകിയതോടെ ട്രഷറികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും. വിവിധ മേഖലകളിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കാം. നിർമാണ മേഖലയിലെ കരാറുകാരും വലയും.
ഏപ്രിൽ ഒന്നിന് കണക്കെടുപ്പാണ്. രണ്ടിന് ,മൂന്ന് ശനി, നാല് ഞായർ, അഞ്ച് തിങ്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോകണം. ആറിനാണ് തിരഞ്ഞെടുപ്പ്. ഡ്യൂട്ടി ചെയ്തവർക്ക് ഏഴിന് അവധിയെടുക്കാം. ട്രഷറിയുടെ പ്രവർത്തനം സുഗമമായി നടക്കണമെങ്കിൽ എട്ടാം തീയതി ആവണമെന്ന് ചുരുക്കം.
പെൻഷനുകൾ, ഫണ്ടുകൾ, ചെക്കുകൾ എല്ലാം ട്രഷറിയിൽ മാറി എടുക്കേണ്ട സമയമാണിത്. സാമ്പത്തിക വർഷം തുടങ്ങുക കൂടിയാണ്. ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകിയതോടെ എല്ലാ സാമ്പത്തിക ഇടപാടും മന്ദഗതിയിലാകാൻ സാദ്ധ്യത കൂടുതലാണ്. ഉള്ള ജീവനക്കാരെ വച്ച് ജോലി ചെയ്യിക്കുകയാണ് ഏകമാർഗം. എന്നാൽ പെൻഷൻ നൽകുന്നതടക്കം ഏറ്റവും തിരക്കേറിയ ഒരു ആഴ്ചയാണിത്. ശനിയാഴ്ച ഒഴികെ മറ്റ് ദിവസങ്ങൾ അവധിയാകുന്ന സാഹചര്യമാണ്. ഇടപാടുകൾ നടക്കണമെങ്കിൽ ജീവനക്കാർ ആവശ്യമാണ്.
ജില്ലാ ട്രഷറി ഓഫീസിൽ നാൽപ്പതിലധികം പേർ ജോലി ചെയ്യുന്നുണ്ട്. പത്ത് സബ് ട്രഷറികളിലായി 10 മുതൽ ഇരുപത് പേർ വരെ ജീവനക്കാരായുണ്ട്. സബ് ട്രഷറികളിലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ജോലി കൂടി നൽകിയാൽ പെൻഷനും ചെല്ലാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവർ ബുദ്ധിമുട്ടും. നിലവിൽ ഉള്ള ജോലിക്കാർക്ക് ജോലി ഭാരവും കൂടും. മുൻ വർഷങ്ങളിൽ വലിയ രീതിയിൽ ട്രഷറി ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ജോലി നൽകാറില്ലായിരുന്നു.
ഒഴിവാക്കണമെന്ന് കത്ത് നൽകിയെങ്കിലും പല ജീവനക്കാർക്കും ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകിയിട്ടുണ്ട്.
അംഗപരിമിതർക്കും ഇലക്ഷൻ ഡ്യൂട്ടി
അംഗപരിമിതരായ ജീവനക്കാരെയും രോഗികളായ മക്കളുള്ള വീട്ടമ്മമാരായ ജീവനക്കാരെയും ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ദുരെ സ്ഥലങ്ങളിൽ പോയി ഡ്യൂട്ടി ചെയ്യാൻ നിർവാഹമില്ലാത്തവർ ജില്ലയിലെ ട്രഷറികളിലുണ്ട്. ഇവരെ ഒഴിവാക്കി തരണമെന്ന് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല.