പത്തനംതിട്ട: ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതക്കുറവ് കാരണം അങ്കണവാടി ഹെൽപ്പർ മരിച്ചതായി ബന്ധുക്കളുടെ പരാതി. വളളിക്കോട്‌ കോട്ടയം എഴുമൺ ചരിവുപുരയിടത്തിൽ കെ.എൻ ബീനയാണ് (35) കഴിഞ്ഞ പത്തിന് മരിച്ചത്. എഴുമൺ അങ്കണവാടിയിലെ ഹെൽപ്പറായിരുന്നു . രണ്ടാംഘട്ട കൊവിഡ് വാക്‌സിനു ശേഷം ഗുരുതരാവസ്ഥയെ തുടർന്ന് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടി.ബിക്ക് നേരത്തെ ബീനയെ ചികിത്സിച്ചിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് മരുന്നുകൾ നിറുത്തി. ഇതിനിടെയാണ് ഒന്നാംഘട്ട കൊവിഡ് വാക്‌സിൻ ഫെബ്രുവരി 4ന് കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് എടുക്കുന്നത്. ടിബി അസുഖമുണ്ടായിരുന്നെന്ന് വാക്‌സിൻ എടുക്കുമ്പോൾ ആരോഗ്യ പ്രവർത്തകരോടും ഡോക്ടർമാരോടും പറഞ്ഞെങ്കിലും തുടർ പരിശോധനകൾക്ക് ഡോക്ടർമാർ നിർദ്ദേശിച്ചില്ലെന്ന് ബീനയുടെ ഭർത്താവ് രാജേന്ദ്രനും ബന്ധു പുഷ്പാംഗദനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രണ്ടാംഘട്ട വാക്‌സിൻ മാർച്ച് നാലിന് എടുക്കുകയും ഇതേതുടർന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ട് രക്തം ഛർദിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വിശദമായ പരിശോധനകൾ നടത്താതെ വാക്‌സിൻ നൽകിയതാണ് മരണകാരണമെന്ന് രാജേന്ദ്രൻ പറഞ്ഞു. ബീനയുടെ മൂത്ത മകൾ ഡിഗ്രിക്കും ഇളയ മകൻ മൂന്നാംക്ലാസിലുമാണ് പഠിക്കുന്നത്. രണ്ട് സെന്റ് സ്ഥലത്തെ കൊച്ചു വീട്ടിലാണ് താമസം. ടാപ്പിംഗ് തൊഴിലാളിയായ രാജേന്ദ്രന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.