തിരുവല്ല: നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ പോരാട്ടത്തിനായി കളത്തിലിറങ്ങി. ഏറെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിലെ കുഞ്ഞുകോശി പോളിനെ ഇന്നലെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എതിരാളികൾ ആരെന്നറിയാതെ ചുവരെഴുത്തുകൾ നടത്തി നിയോജകമണ്ഡലം കൺവെൻഷൻ പൂർത്തിയാക്കി മാത്യു ടി.തോമസ് ഒന്നാംഘട്ട പ്രചാരണം തുടങ്ങി. . ആറാം അങ്കത്തിനിറങ്ങിയ മാത്യു ടി.തോമസിനെ നേരിടാൻ യു‌.ഡി.എഫ് ഇത്തവണ പരീക്ഷിക്കുന്നത് കന്നിക്കാരനായ കുഞ്ഞുകോശി പോളിനെയാണ്. രാഷ്ട്രീയ , സാമൂഹിക രംഗങ്ങളിൽ പ്രവർത്തിച്ച കുഞ്ഞുകോശിയുടെ അനുഭവവും ഓർത്തോഡോക്സ് സഭംഗമെന്ന നിലയിലുള്ള വിശ്വാസികളുടെ പിന്തുണയും വലിയ പ്രതീക്ഷയോടെയാണ് യു.ഡി.എഫ് നോക്കിക്കാണുന്നത്. അതേസമയം എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വലിയ വികസന മുന്നേറ്റമാണ് മാത്യു ടി.തോമസ് ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞതവണ മണ്ഡലത്തിൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ നേടി ശക്തിതെളിയിച്ച എൻ.ഡി.എ ഇതുവരെയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ എൻ.ഡി.എയുടെ സ്ഥാനാർഥി പ്രഖ്യാപനം ദേശീയതലത്തിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. കല്ലൂപ്പാറ മണ്ഡലം ഇല്ലാതായതോടെ തിരുവല്ല,മല്ലപ്പള്ളി താലൂക്കുകളിലായി വിസ്തൃതിയേറി വ്യാപിച്ചു കിടക്കുന്ന നിയോജകമണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും കാലുവാരൽ രാഷ്ട്രീയവുമൊക്കെ വരുംദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും.