victor

കോഴഞ്ചേരി : യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ തിരുവല്ല നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലെ അവഗണനയിൽ കടുത്ത പ്രതിഷേധവുമായി യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് രംഗത്ത്.
തിരുവല്ല നിയമസഭാ സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ നേതൃത്വം ധാർമ്മികത പുലർത്തിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തന്നെ ഒഴിവാക്കിയതിനെ സംബന്ധിച്ച വിവരങ്ങൾ പാർട്ടി ചെയർമാൻ പി.ജെ. ജോസഫുമായി ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ ജോസഫ് എം. പുതുശ്ശേരിയ്ക്ക് സീറ്റ് നൽകുമ്പോൾ 2021 ൽ വിക്ടറിന് ആണ് സീറ്റെന്ന് അന്ന് കെ.എം. മാണി ഉറപ്പ് നൽകിയിരുന്നതാണ്.
എന്നാൽ ഇതൊന്നും പരിഗണിക്കാതെ അണികളില്ലാത്ത ഉന്നതാധികാര സമിതി അംഗങ്ങളുടെ വാക്ക് കേട്ടാണ് ചെയർമാൻ തീരുമാനം മാറ്റിയത്. സീറ്റ് പ്രഖ്യാപനത്തിന് അൽപം മുമ്പാണ് ചെയർമാൻ ഇക്കാര്യം ജില്ലാ പ്രസിഡന്റായ തന്നെ വിളിച്ചറിയിച്ചത്. ദീർഘകാലമായി പാർട്ടിയിൽ സജീവമായി തുടരുന്ന തന്നെ ഒഴിവാക്കാൻ കാരണം ചിലരുടെ താത്പര്യമാണ്. പാർട്ടിയിൽ ജൂനിയറായ പലർക്കും വേണ്ടി ഇത്രയും നാൾ താൻ ഒഴിഞ്ഞു നിൽക്കുകയായിരുന്നു.
ആറന്മുളയിലോ, തിരുവല്ലയിലോ എൻ.ഡി.എ സ്ഥാനാർത്ഥി ആകാനുള്ള സാദ്ധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. ഇതിനെക്കുറിച്ച് നാട്ടിൽ പ്രചരിക്കുന്ന വാർത്തകളോട് തത്ക്കാലം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ യു.ഡി.എഫ് സംവിധാനം കാര്യക്ഷമമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നേറാനായെങ്കിലും നിയമസഭാ സീറ്റുകൾ കൈവിട്ടു പോയി. തദ്ദേശ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു.ഇക്കുറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ ഒരു യോഗവും ചേർന്നിട്ടില്ലെന്നും വിക്ടർ ടി. തോമസ് പറഞ്ഞു.