mlpy

മല്ലപ്പള്ളി: ഇന്നലെ രാവിലെ മുതൽ മല്ലപ്പള്ളി വാഴയിൽ വീട്ടിലെ മൊബൈൽ ഫോണുകളിൽ നിലയ്ക്കാതെ കോളുകളായിരുന്നു.തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായി കുഞ്ഞുകോശി പോളിനെ പ്രഖ്യാപിച്ച വിവരം അറിഞ്ഞതോടെയാണ് രാവിലെ മുതൽ ആശംസകളുമായി ഫോൺ സന്ദേശം വന്നു തുടങ്ങിയത്. അനുമോദനങ്ങൾക്കെല്ലാം നന്ദി അറിയിച്ച ശേഷം വീട്ടിലെത്തിയ ചാനലുകാർക്ക് മുഖം കൊടുത്തു.തുടർന്ന് 11.30 ഓടെ മല്ലപ്പള്ളി നഗരത്തിലേക്ക്, ആനിക്കാട് റോഡിൽ സ്ഥാപിച്ച തന്റെ കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് കണ്ട് സ്ഥാനാർത്ഥിയുടെ വാഹനം നിറുത്തി. ഇവിടെ കൂടി നിന്ന പാർട്ടി പ്രവർത്തകർ തങ്ങളുടെ നേതാവിനെ ഹർഷാരവത്തോടെ വരവേറ്റൂ. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ സ്വീകരണം. നേതാക്കളും പ്രവർത്തകരും ഷാൾ അണിയിച്ച് നേതാവിനെ സ്വീകരിച്ചു, തുടർന്ന് രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യന്റെ വീട്ടിലെത്തി. ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യുവിനൊപ്പമായിരുന്നു സന്ദർശനം.കുര്യൻ വിജയം ഉറപ്പുനൽകിയാണ് മടക്കിയത്. പിന്നീട് മല്ലപ്പള്ളിയിലേക്കുള്ള യാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിനന്ദനം അറിയിച്ചുള്ള ഫോൺ കോൾ. തുടർന്ന് മല്ലപ്പള്ളിയിലും ചാനലുകൾക്ക് മുൻപിൽ. പിന്നീട് മല്ലപ്പള്ളിയിലെ ടാക്‌സി ഡ്രൈവർമാരോടും വോട്ടർമാരോടും വ്യാപാരികളോടുമായി വോട്ടു തേടൽ. ഇവിടെ നിന്ന് ഒരു മണിയോടെ കല്ലൂപ്പാറയിലേക്കായി യാത്ര. ഐക്കരപടിയിൽ ഐ.പി.സി തിരുവല്ല സെന്റർ പാസ്റ്റർ സമ്മേളനത്തിലെത്തി.ഐ.പി.സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോണിൽ നിന്ന് അനുഗ്രഹവും വാങ്ങി. പിന്നീട് തിരുവല്ലയിലേക്ക്. പ്രമുഖ വ്യക്തികളെ കണ്ട് വോട്ടുതേടി. പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷം പെരിങ്ങര പഞ്ചായത്തിലെ പല പ്രമുഖരെയും സന്ദർശിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പനും ഒപ്പമുണ്ടായിരുന്നു.