പന്തളം:ആർ.എസ്.എസ്. ഫാസിസ്റ്റ് സംഘടനയാണന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു.പന്തളത്ത് വിവിധ പാർട്ടികളിൽ നിന്ന് സി.പി.എമ്മിൽ ചേർന്നവരെ സ്വീകരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയത, ദേശിയ ത, സ്വദേശി എന്ന പ്രചാരണം പറഞ്ഞാണ് സംഘപരിവാർ പ്രസ്ഥാനം പടുത്തുയർത്താൻ ശ്രമിക്കുന്നത് .ബി.ജെ.പി. ഭരിക്കുമ്പോൾ ഭാരതത്തിൽ രണ്ട് അധികാര സ്ഥാപനങ്ങളാണുള്ളത്. ഒന്ന് ആർ.എസ്.എസ്. ആസ്ഥാനം. മറ്റൊന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് .കോർപ്പറേറ്റുമാരുടെ ദാസന്മാരാണ് ഭാരതം ഭരിക്കുന്നത്.പെട്രോൾ, ഡീസൽ, പാചക വാതക വില കോർപ്പറേറ്റുകൾക്ക് വേണ്ടി വർദ്ധിപ്പിക്കുന്നു. കർഷകരെ ഇവർ സമരജീവികൾ എന്ന് വിളിക്കുന്നു. ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകൾ സ്വകാര്യവത്കരിക്കുന്നു .കോൺഗ്രസ് നയം ബി.ജെ.പി നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ചിറ്റയം ഗോപകുമാർ എം.എൽ.എ സി പി എം ഭാരവാഹികളായ റ്റി.ഡി. ബൈജു, കെ.പി.ചന്ദ്രശേഖര കുറുപ്പ് ,വി .പി .രാജശേഖരൻ നായർ ,ഇ.ഫസൽ, എസ്.കൃഷ്ണകുമാർ, ലസിതാ നായർ, രാധാ രാമചന്ദ്രൻ ,സി.കെ.രവിശങ്കർ, എൻ.സരസ്വതി, എൻ.സി.അബിഷ്, വി.കെ.മുരളി, നവാസ് ഖാൻ എന്നിവർ സംസാരിച്ചു.