റാന്നി: റാന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണനെതിരെ കേരള കോൺഗ്രസിൽ നിന്നുതന്നെ റിബൽ ഭീഷണി. അനുരഞ്ജന യോഗം അലസിപ്പിരിഞ്ഞതോടെയാണ് മറുവിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ തർക്കം രൂക്ഷമാകുകയാണ്. റാന്നിയിലെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണനെ അംഗീകരിക്കാനാകില്ലെന്ന് പരസ്യ നിലപാട് സ്വീകരിച്ചവർ തന്നെയാണ് റിബൽ ഭീഷണി ഉയർത്തുന്നത്. തടിയൂരിൽ ഇന്നലെ വൈകുന്നേരം ചേർന്ന അനുരഞ്ജന യോഗം പാളിയതോടെ വിമതർ അയിരൂർ മണ്ഡലം പ്രസിഡന്റ് ഷോബിൾ പാലയ്ക്കാമണ്ണിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രമോദ് നാരായണന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തർക്കങ്ങളെ തുടർന്ന് അലങ്കോലപ്പെട്ടതോടെ, നാടകീയമായായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.
തീരുമാനം അടിച്ചേൽപ്പിക്കാനുളള ശ്രമത്തിനെതിരെയാണ് തന്റെ മത്സരമെന്ന് ഷോബിൾ പാലയ്ക്കാ മണ്ണിൽ പറഞ്ഞു. സംസ്ഥാന സമിതി അംഗം മനോജ് മാത്യുവിന്റെ വസതിയിൽ ചേർന്ന അനുരഞ്ജന യോഗത്തിൽ സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നീസ്, ജില്ലാ പ്രസിഡന്റ് എൻ എം രാജു എന്നിവരും പങ്കെടുത്തു. തർക്കങ്ങൾക്കൊടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നേതാക്കൾ യോഗസ്ഥലം വിട്ടു. അതേസമയം ഭിന്നാഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചെന്ന് പ്രമോദ് നാരായൺ പറഞ്ഞു.