sabari

ശബരിമല: മീനമാസപൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിക്കും. നാളെ പുലർച്ചെ മുതലാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുന്നത്. വെർച്വൽ ക്യൂ വഴി പ്രതിദിനം 10,000 പേർക്ക് വീതമാണ് ദർശനാനുമതി. 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. വെർച്വൽ ക്യൂ പാസ് ലഭിക്കാത്ത ആരെയും മലയിലേക്ക് കടത്തിവിടില്ല.

ദിവസേന 10000 പേർക്ക് പ്രവേശനമുണ്ടെങ്കിലും വിരിവച്ച് സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ല. അന്നദാനമുണ്ടാകും. മറ്റ് കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ അതേപടി തുടരും.

ഉത്സവം 19 മുതൽ

ശബരിമല ഉത്സവം 19ന് ആരംഭിക്കും. രാവിലെ 7.15നും എട്ടിനുമിടയ്ക്ക് തന്ത്രി രാജീവരരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 27 ന് പള്ളിവേട്ട. 28ന് രാവിലെ പമ്പയിൽ ആറാട്ട് നടക്കും. ആറാട്ടുഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിയശേഷം ഉത്സവം കൊടിയിറങ്ങും. രാത്രി 8.50ന് ഹരിവരാസനം പാടി നടയടയ്ക്കും.

" വെർച്വൽ ക്യു ഒഴിവാക്കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ അഭിപ്രായം. ദിവസം 10000 പേരെ ദർശനത്തിന് അനുവദിച്ചത് നല്ല കാര്യം. ഉത്സവദിവസങ്ങളിലും ഇതേ നിയന്ത്രണമായിരിക്കും.

എൻ.വാസു,

ദേവസ്വം ബോർഡ് പ്രസിഡന്റ്