കോഴഞ്ചേരി: ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടുപന്നികളെയും പാമ്പുകളെയും പിടികൂടാൻ വനംവകുപ്പിന്റെ 'സമ്മതപത്രം' നേടിയവർക്ക് മാത്രം അനുമതി.
ജില്ലയിൽ നിന്ന് ഇത്തരത്തിൽ ലൈസൻസ് നേടിയത് 10 പേരാണ്. വീടുകളിലും പറമ്പുകളിലും ഒളിക്കുന്ന പാമ്പുകളെ പിടികൂടാൻ അനുമതി വാങ്ങിയത് 7 പേരും ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സർട്ടിഫിക്കറ്റ് ലഭിച്ചത് മൂന്നു പേർക്കുമാണ്.
കാട്ടുപന്നികളെ തുരത്താൻ നിയോഗിക്കപ്പെട്ടവർ
കോന്നി അട്ടച്ചാക്കൽ ചിറക്കുളത്ത് സന്തോഷ് മാമ്മൻ.
കുളത്തുമൺ നന്ത്യാട്ട് എം.ജി.അമ്പിള.
കോന്നി ഐരവൺ ഇടത്തിട്ട ആർ.രഘുനാഥ്.
പാമ്പുകളെ വലയിലാക്കാൻ നിയോഗിക്കപ്പെട്ടവർ
1. അടൂർ തുവയൂർ വടക്ക് ആലുവിള പുത്തൻ വീട്ടിൽ വി.ടി. ചാർലി,
2. തുവയൂർ വടക്ക് ആഷ്‌ലി ചാർലി,
3. പുല്ലാട് കുറുങ്ങഴ കാരിക്കാട് കെ.പി. ശ്രീകുമാർ ,
4. കോഴഞ്ചേരി ചെറകോൽ ചക്കിട്ടയിൽ സി.ജി. സന്തോഷ്,
5. ചെറകോൽ ചെങ്കോലിക്കൽ വി.കെ. രതീഷ്,
6. കോന്നി മണ്ണീറ ഈട്ടിമൂട്ടിൽ മഞ്ജിത് മോഹൻ
7. കോന്നി ഊട്ടുപാറ മുരപ്പേൽ പുത്തൻവീട്ടിൽ ജോർജ് മാത്യു
പരിശീലനം നേടിയവർ
പാമ്പുകളെ തിരിച്ചറിയുന്ന രീതി, അവയുടെ ആവാസവ്യവസ്ഥ, വർഗീകരണം, ആഹാര രീതി, പാമ്പുകളെ സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാം, കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യം തുടങ്ങിയവയിൽ ശാസ്ത്രീയ പരിശീലനം പൂർത്തിയാക്കിയവരാണ് വനം വകുപ്പിന്റെ ഔദ്യോഗിക പാമ്പ് പിടുത്തക്കാർ.
ഇവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും കിറ്റുകളും സർക്കാർ നൽകി കഴിഞ്ഞു. 5 വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ഇവരെ കൂടാതെ വനംവകുപ്പ് ജീവനക്കാർക്കും പരിശീലനം നൽകി കഴിഞ്ഞു.
വനംവകുപ്പിന്റെ സർട്ടിഫിക്കറ്റില്ലാതെ പാമ്പിനെ പിടികൂടുന്നത് 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പാമ്പുകളെ പ്രദർശിപ്പിക്കുന്നതും പ്രസിദ്ധിക്കായി ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്. എന്നാൽ മനുഷ്യ ജീവന് ഭീഷണിയാകുന്നുവെങ്കിൽ മാത്രമേ പാമ്പുകളെ പിടികൂടാൻ പാടുള്ളുവെന്നും വനം വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
പാമ്പിനെ കണ്ടാൽ
സർപ്പ (snake awareness rescue protection application) എന്ന പേരിൽ വനം വകുപ്പ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
പാമ്പിനെ കണ്ടാൽ പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രം ആപ്പിൽ ലോഡ് ചെയ്താൽ 25 കി.മീറ്റർ ചുറ്റളവിൽ പാമ്പുപിടിത്തത്തിന് അനുമതി ലഭിച്ച റസ്‌ക്യു ടീം എത്തി നടപടി സ്വീകരിക്കും.