poli

പത്തനംതിട്ട: ജില്ലയിൽ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചതോടെ ത്രികോണ പോരാട്ടം ഇനി മുറുകും. ദിവസങ്ങൾ നീണ്ട ഉദ്വേഗത്തിനൊടുവിലാണ് യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നത്. പ്രചാരണ രംഗത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മുന്നേറിയെങ്കിലും ഒപ്പമെത്താൻ യു.ഡി.എഫും എൻ.ഡി.എയും ഇന്നലത്തന്നെ വോട്ടർമാരെ കണ്ടു തുടങ്ങി.

കോന്നിയിൽ തീപാറും

സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോന്നി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തിനൊപ്പമാണ് കോന്നിയിലും ജനവിധി തേ‌ടുന്നത്. നിലവിലെ എം.എൽ.എ എൽ.ഡി.എഫിലെ കെ.യു ജനീഷ് കുമാറും യു.ഡി.എഫിലെ റോബിൻ പീറ്ററുമാണ് പ്രധാന എതിരാളികൾ. ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷൻ അംഗമായ റോബിന് നിയമസഭയിലേക്ക് കന്നി അങ്കം.

ആറൻമുളയിൽ തനിയാവർത്തനം

മുഖ്യ എതിരാളികൾ തമ്മിൽ 2016ൽ നടന്ന മത്സരത്തിന്റെ തനിയാവർത്തനമാണ് ഇക്കുറി. നിലവിലെ എം.എൽ.എ വീണാജോർജിനെ നേരിടുന്നത് യു.ഡി.എഫിലെ കെ.ശിവദാസൻ നായർ. 2011ൽ ആറൻമുളയിൽ നിന്ന് നിയമസഭാംഗമായ ശിവദാസൻനായർ കഴിഞ്ഞ തവണ വീണയോടു തോൽക്കുകയായിരുന്നു. എൻ.ഡി.എ ഇത്തവണ പുതുമുഖമായ ന്യൂനപക്ഷ സമുദായംഗം ബിജു മാത്യുവിനെ രംഗത്തിറക്കി പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ്. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ഒാർത്തഡോക്സ് സഭാംഗങ്ങളായത് ആ വിഭാഗത്തിലെ വോട്ടുകളിൽ വിള്ളലുണ്ടാക്കിയേക്കും. ഹിന്ദു വോട്ടുകളിൽ ശ്രദ്ധേ കേന്ദ്രീകരിച്ചാവും യു.ഡി.എഫിന്റെ പ്രചാരണം.

അടൂരിലെ മാറ്റം

പട്ടികജാതി സംവരണ മണ്ഡലമായ അടൂരിൽ നിലവിലെ എം.എൽ.എ ചിറ്റയം ഗോപകുമാറിനെ നേരിടുന്നത് യു.ഡി.എഫിലെ എം.ജി.കണ്ണനും എൻ.ഡി.എയിലെ പന്തളം പ്രതാപനും. വികസന നേട്ടം പറഞ്ഞ് എൽ.ഡി.എഫ് വോട്ടു തേടുമ്പോൾ യുവ സ്ഥാനാർത്ഥിയെ ലഭിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആവേശമുണ്ടാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചെത്തിയ പന്തളം പ്രതാപനെ സ്ഥാനാർത്ഥിയാക്കി മണ്ഡലം പിടിക്കാനൊരുങ്ങുകയാണ് എൻ.ഡി.എ.

റാന്നിയിൽ ത്രികോണപ്പോര്

റാന്നി കാൽ നൂറ്റാണ്ടിന്റെ ചരിത്രം മാറ്റിയെഴുതുമോ?. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് സി.പി.എം വിട്ടുകൊടുത്ത സീറ്റിൽ രാജു ഏബ്രഹാമിന്റെ പിൻഗാമിയാകാൻ എത്തിയത് പ്രമോദ് നാരായണൻ. പഴയ എം.എൽ.എ എം.സി.ചെറിയാന്റെ മകൻ റിങ്കു ചെറിയാനെ രംഗത്തിറക്കി റാന്നി തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ത്രികോണ മത്സരത്തിന്റെ അന്തരീക്ഷമുണ്ടാക്കിയത് എൻ.ഡി.എയുടെ ശക്തനായ സ്ഥാനാർത്ഥി കെ. പത്മകുമാറാണ്. ഇക്കുറിയും അദ്ദേഹത്തെ രംഗത്തിറക്കിയത് വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ്.

തിരുവല്ല തിരിയുമോ

എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ഘടകകക്ഷികൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ. ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ രംഗത്തിറക്കി എൻ.ഡി.എ പോരാട്ടം കടുപ്പിക്കുന്നു. തിരുവല്ല ഇക്കുറി തിരിയുമോ എന്നാണ് അറിയേണ്ടത്. എൽ.ഡി.എഫിൽ ജനതാദൾ എസിന്റെ സ്ഥാനാർത്ഥിയായി മാത്യു ടി. തോമസ് തുടർച്ചയായി നാലാം തവണയും മത്സരത്തിനിറങ്ങി. യു.ഡി.എഫിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുഞ്ഞുകോശി പോളിന് ഇത് കന്നിയങ്കം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.