k-surendran

പത്തനംതിട്ട: കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എങ്ങനെയാണ് രണ്ടിടത്തും ഒാടിയെത്തുക?. മഞ്ചേശ്വരത്ത് നിന്ന് കാറിൽ കോന്നിയിൽ എത്താൻ ഒരു ദിവസം വേണ്ടിവരും. പ്രചാരണത്തിലെ ഇൗ സമയനഷ്ടം കുറയ്ക്കാൻ സുരേന്ദ്രന് പാർട്ടി ഹെലികോപ്ടർ ഏർപ്പെടുത്തി. ഒരു ദിവസം കോന്നിയിൽ, അടുത്ത ദിവസം മഞ്ചേശ്വരത്ത് എന്ന രീതിയിലായിരിക്കും പ്രചാരണ പരിപാടികൾ.

സുരേന്ദ്രൻ കോന്നിയിൽ ഇന്ന് എത്തും. രാവിലെ പെരുനാട് ഹെലികോപ്ടർ ഗ്രൗണ്ടിൽ പറന്നിറങ്ങുന്ന സുരേന്ദ്രൻ 9 മണിയ്ക്ക് കുമ്പഴ കളീക്കപ്പടിയിൽ എത്തിച്ചേരും. കോന്നി മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ പൊലീസ് സ്റ്റേഷന് സമീപമുള്ള പൊതുമരാമത്ത് ഒാഫീസിന് മുന്നിലെത്തും. അവിടെ നിന്ന് കാൽനട ജാഥയായി കോന്നി ടൗണിൽ എത്തും. തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും. എൻ.ഡി.എ നിയോജക മണ്ഡലം കൺവെൻഷൻ 17ന് വൈകിട്ട് നാലിന് കോന്നി മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കും.