
പത്തനംതിട്ട: ജില്ലയുടെ നിയമസഭാ തിരഞ്ഞെടുപ്പിലാദ്യമായിട്ടാണ് യൂത്ത് കോൺഗ്രസ് നേതാവിന് സീറ്റ് ലഭിക്കുന്നത്. അടൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി 38കാരനായ എം.ജി കണ്ണൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസിന്റെ സംഘടന സംവിധാനം ശക്തിപ്പെടുത്തിയ കണ്ണൻ എൽ.ഡി.എഫ് സർക്കാരിനെതിരായ നിരവധി സമരങ്ങൾ നയിച്ചു. അടുത്തിടെ സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ തലപൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ കൊവിഡ് പിടിപെടുകയും ചെയ്തു. കണ്ണന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന യൂത്ത് കോൺഗ്രസ് യുവസംഗമം യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഒാമല്ലൂർ മാത്തൂർ മേലേടത്ത് വീട്ടിൽ എം.കെ ഗോപിയുടെയും ശാന്തമ്മയുടെയും മകനാണ്. മരംവെട്ട് തൊഴിലാളിയാണ് ഗോപി. ശാന്തമ്മ തൊഴിലുറപ്പ് ജോലി ചെയ്യുന്നു. കഷ്ടടപ്പാടുകൾ പൊരുതിക്കയറിയ ജീവിതമാണ് കണ്ണന്റേത്.