അശോകൻ കുളനടയ്ക്കെതിരെ പ്രവർത്തകർ
തിരുവല്ല: ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ തിരുവല്ല നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ബി.എസ്.എൻ.എൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി എസ്.സി.എസ് ജംഗ്ഷനിൽ സമാപിച്ചു. നേതാക്കളായ അനിൽ അപ്പു, അരുൺ ചേറ്റുമഠം, അനീഷ് തേവർമല, കണ്ണൻ മുത്തൂർ, ദീപക് ആർ, വൈശാഖ് കൃഷ്ണൻ, രമേശ് മഞ്ഞാടി, ശ്യാം മുത്തൂർ, അനിൽ മന്നൻകരച്ചിറ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ ഒഴിവാക്കി അശോകൻ കുളനടയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബിജെ.പിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരും മഹിളാമോർച്ച ഭാരവാഹികളും രാജിവയ്ക്കുകയും ചെയ്തിരുന്നു. ഉണ്ടപ്ലാവിൽ ഇന്നലെ ബി.ജെ.പി നേതൃയോഗത്തിനെത്തിയ അശോകൻ കുളനടയെ തടഞ്ഞുവച്ച മഹിളാമോർച്ച പ്രവർത്തകർ, അനൂപ് ആന്റണിക്ക് വേണ്ടി സ്ഥാനാർത്ഥിത്വം ഒഴിവാകണമെന്നും ആവശ്യപ്പെട്ടു.
കോൺഗ്രസ് ഭാരവാഹികൾ പ്രതിഷേധിച്ചു
തിരുവല്ല: നിയോജകമണ്ഡലത്തിൽ കോൺഗ്രസിനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് 15 മണ്ഡലം പ്രസിഡന്റുമാരും 2 ബ്ലോക്ക് പ്രസിഡന്റുമാരും ഡി.സി.സി ഭാരവാഹികളും കെ.പി.സി.സി. ഭാരവാഹികളും യോഗം ചേർന്ന് പ്രതിഷേധം അറിയിച്ചു. തിരുവല്ല അസംബ്ലി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കെ.പി.സി.സി.പ്രസിഡന്റിനും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും പ്രതിപക്ഷ നേതാവിനും നിവേദനം കൊടുത്തിരുന്നു. എന്നാൽ യാതൊരു ചർച്ചയും നടത്താതെ സീറ്റ് കേരള കോൺഗ്രസിനു നൽകുകയായിരുന്നെന്ന് യോഗം കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളിൽ ചർച്ച ചെയ്യാതെ തിരഞ്ഞെടുപ്പു പ്രവർത്തനവുമായി മുന്നോട്ടു പോകേണ്ടന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി. ഭാരവാഹികളായ ജേക്കബ് പി.ചെറിയാൻ, അഡ്വ.സതീഷ് ചാത്തങ്കേരി, കോശി പി.സഖറിയ, കെ.പി.സി.സി. നിർവ്വാഹക സമിതിഅംഗം റെജി തോമസ്, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, പി.റ്റി.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.