കലഞ്ഞൂർ: തടിമില്ലിന് തീ പിടിച്ച് വൻനാശനഷ്ടം. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള കിളിത്തട്ടിൽ എന്ന തടിമില്ലിനാണ് തീ പടർന്ന് പിടിച്ചത്. കൊവിഡിനെ തുടർന്ന് ഒരു വർഷത്തോളമായി പ്രവർത്തനം നിലച്ച നിലയിലായിരുന്നു. അതിനാൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. ഏകദേശം ഒരു കോടിരൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ വിക്രമൻ കിളിത്തട്ടിൽ പറഞ്ഞു. മില്ലിനുള്ളിൽ കൂട്ടി ഇട്ടിരുന്ന തടികൾ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. കോന്നി,അടൂർ,പുനലൂർ എന്നിവടങ്ങളിൽ നിന്നായി ആറ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രവർത്തനം മുടങ്ങിയതിനാൽ മില്ലിന്റെ ലൈസൻസ്, ഇൻഷുറൻസ് എന്നിവ പുതുക്കിയിരുന്നില്ലെന്നും ഉടമ പറഞ്ഞു.