social-

പത്തനംതിട്ട : കൂടുതൽ ആളുകളിലേക്കെത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ട്രോളുകളുമൊക്കെയായി ഫേസ് ബുക്കും വാട്സ് ആപ്പും കളംനിറഞ്ഞു. സ്റ്റാറ്റസുകളായും സ്റ്റിക്കറുകളായും സ്ഥാനാർത്ഥിയുടെ ചിത്രം വാട്സ് ആപ്പിൽ വിവിധ വേഷങ്ങളിലും ഭാവങ്ങളിലും മാറിക്കൊണ്ടേയിരിക്കുന്നു. .

വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് സജീവം

വാട്സ് ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി പ്രചരണം പൊലിപ്പിക്കുകയാണ് എൽ.ഡി.എഫ് മുന്നണികൾ. ഇതിനായി പ്രത്യേക സ്ക്വാഡിനെ തയാറാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലേയും ബൂത്തിലെ സെക്രട്ടറിമാർ, എല്ലാ മണ്ഡലത്തിലേയും സെക്രട്ടറിമാർ, ബൂത്തിലെ സ്ക്വാഡുകൾ എന്നിവർ ചേർന്ന വാട്സ് ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിക്കെതിരെ വരുന്ന വാർത്തകൾ പോസ്റ്റുകൾ എന്നിവ കണ്ടെത്താനും ഗ്രൂപ്പുകൾ ഉണ്ട്. ഒരു ബൂത്തിൽ രണ്ട് പേർ, മേഖലയിൽ രണ്ട് പേർ, മണ്ഡലത്തിൽ എട്ട് പേർ എന്നിങ്ങനെ സോഷ്യൽ മീഡിയ കോർഡിനേറ്റർമാർ സജീവമാണ്.

ട്വിറ്ററിലും പ്രചാരണം

കേരളത്തിൽ അത്ര പ്രചാരമില്ലാത്ത ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ് ഫോം ഉപയോഗിച്ച് വോട്ട് നേടാനാണ് ബി.ജെ.പിയുടെ ശ്രമം. വാട്സ് ആപ്പ് ഗ്രൂപ്പുകൾ ജില്ല, മണ്ഡലം, പഞ്ചായത്ത്, ബൂത്തുകൾ എന്നിങ്ങനെ തരംതിരിച്ച് സംഘങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ടെലഗ്രാം, എഫ്.ബി പേജുകളിൽ നിരന്തരം ഇടപെടൽ നടത്താൻ വലിയ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ഒരു മണ്ഡലത്തിൽ മുപ്പത് പേർ അടങ്ങിയ ഗ്രൂപ്പ് ആണ് നിയന്ത്രിക്കുന്നത്. കാമ്പയിനുകൾ സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കാനാണ് തീരുമാനം. സ്ഥാനാർത്ഥിക്കെതിരെ നിരവധി ഫേക്ക് അക്കൗണ്ടുകൾ എഫ്.ബിയിൽ എത്തുന്നുണ്ട്. ഇവയെല്ലാം കണ്ടെത്താനായി ഒരു പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു.

ഏകീകരണം ടെലഗ്രാമിൽ

യു.ഡി.എഫിൽ ടെലഗ്രാമിലാണ് പരിപാടികളുടെ ഏകീകരണം നടക്കുന്നത്. വാട്സ് ആപ്പ് ഫേസ് ബുക്ക് ഗ്രൂപ്പുകൾ സജീവമായി രംഗത്തുണ്ട്. ട്വിറ്റർ ഉപയോഗിക്കുന്നില്ല. ജനശക്തി പരിപാടിയിൽ ബൂത്തുകളിൽ നിന്നുള്ള നൂറ് പേരെ സോഷ്യൽ മീഡിയ നിയന്ത്രണത്തിനായി ക്രമീകരിച്ചിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുകൾ ബൂത്തിലും മണ്ഡലത്തിലും സംസ്ഥാന കമ്മിറ്റികളുമായി ബന്ധപ്പെടുത്തിയും രൂപീകരിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ നിന്നാണ് പ്രചരണം ആരംഭിക്കുന്നത്. ഒന്നിലേറെ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലും ഗ്രൂപ്പുകൾ ഉണ്ട്. പോസ്റ്ററുകളും നേതാക്കളുടെ അടുത്ത ദിവസത്തെ പരിപാടിയുമെല്ലാം ജനങ്ങളിലേക്കെത്തിയ്ക്കാൻ പ്രത്യേക ഗ്രൂപ്പുകളുണ്ട്.