ചെങ്ങന്നൂർ: എൻജിനിയറിംഗ് കോളേജ് റോഡിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി. റോഡിന്റെ തിട്ട ഇടിയുന്നതാണ് അപകടത്തിന് പ്രധാന കാരണം. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് റോഡിന്റെ തിട്ട കൂടുതലായി ഇടിയുന്നത്. ദിവസേന നൂറ് കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. എൻജിനിയറിംഗ് കോളേജ്, ഫയർസ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, റജിസ്ട്രാർ ഓഫീസ്, ഗവ.ആശുപതി, വൈ.എം.സി.എ, താലൂക്ക് ഓഫീസ്, കോടതി എന്നിവിടങ്ങളിലേക്ക് പോകുന്നവർ ആശ്രയിക്കുന്ന റോഡാണിത്. ടാറിങ്ങും മെറ്റലുമിളകി റോഡ് തകർച്ചാവസ്ഥ നേരിടുകയാണ്. റോഡിന് വീതി കുറവായതിനാൽ ഇരുദിശകളിലേക്കും വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് അപകട സാദ്ധ്യത ഏറെയും. സൈഡ് കൊടുക്കാനായി വശത്തേക്ക് വാഹനങ്ങൾ മാറ്റുമ്പോൾ വശത്തെ താഴ്ചയിലേക്ക് ടയർ ഇറങ്ങി അപകടത്തിൽപെടുന്നത് സ്ഥിരം കാഴ്ചയാണെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു. മഴക്കാലമാകുന്നതോടെ അപകടം വർദ്ധിക്കാൻ സാദ്ധ്യത ഏറെയാണ്. മുകളിൽ നിന്നു വെള്ളം ഒഴുകിയെത്തുന്നതിനാൽ റോഡരിക് ഇടിഞ്ഞതു ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാത്തതും അപകടത്തിനിടയാക്കും. റോഡരിക് കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.