a
തിരുവൻവണ്ടൂരിൽ പ്രചരണത്തിനെത്തിയ എം.വി ഗോപകുമാറിനെ അനുഗ്രഹിക്കുന്ന വീട്ടമ്മ

ചെങ്ങന്നൂർ: മൂന്ന് പതിറ്റാണ്ടായി ചെങ്ങന്നൂരിന്റെ രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യമായ ഗോപകുമാർ സ്ഥാനാർത്ഥിയായി എത്തിയതിന്റെ ആഹ്‌ളാദത്തിലാണ് ഗ്രാമവാസികൾ. മണ്ഡലത്തിലെ പ്രധാന വ്യക്തിത്വങ്ങളേയും സാമൂഹിക, സാംസ്‌ക്കാരിക, മത നേതാക്കന്മാരേയും നേരിൽകണ്ട് അനുവാദവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് ഗോപകുമാർ പ്രചാരണ രംഗത്ത് സജീവമായത്. ഇന്നലെ മണ്ഡലത്തിലെ പ്രളയത്തിന്റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന ഗ്രാമപ്രദേശങ്ങളിൽ പ്രചാരണത്തിനായി എത്തിയ ഗോപകുമാറിന് വികാര നിർഭരമായ വരവേൽപ്പാണ് ലഭിച്ചത്. പ്രളയകാലത്തെ ഭീതിജനകമായ അന്തരീക്ഷത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റായ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ജീവൻരക്ഷാ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും അമ്മമാർ ഉൾപ്പടെയുളളവർ ഓർമ്മിച്ചു പറഞ്ഞു. പ്രളയം സംഹാര താണ്ഡവമാടിയ ചെന്നിത്തല, മാന്നാർ, തിരുവൻവണ്ടൂർ എന്നീ പ്രദേശങ്ങളിലായിരുന്നു ഇന്നലത്തെ പ്രചാരണം.


തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

എൻ.ഡി.എ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെളളാപ്പളളി നിർവഹിക്കും.


നാമനിർദ്ദേശപത്രിക ഇന്ന് സമർപ്പിക്കും

ചെങ്ങന്നൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാർ ഇന്ന് രാവിലെ 11ന് നാമനിർദ്ദേശ വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ മുൻപാകെ സമർപ്പിക്കും. രാവിലെ 10.30ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിക്കുന്നത്. എൻ.ഡി.എ നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുക്കും.


തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്

ചെങ്ങന്നൂർ: എൻ.ഡി.എ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകിട്ട് 3ന് ചെങ്ങന്നൂർ മാരുതി ഓഡിറ്റോറിയത്തിൽ നടക്കും. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പാല ജയസൂര്യൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനാവും. എൻ.ഡി.എ സംസ്ഥാന, ജില്ലാ നേതാക്കന്മാർ പങ്കെടുക്കും.