തണ്ണിത്തോട് : കടുത്ത വേനലിലും വറ്റാത്ത ജലസമൃദ്ധിയാണ് വനമധ്യത്തിലുള്ള ആലുവാങ്കുടി ക്ഷേത്രക്കുളത്തിന്. മലമുകളിൽ ഒരേക്കറിൽ വ്യാപിച്ചു കിടക്കുന്ന കുളത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടന്ന് വിശ്വസിക്കുന്നു. ആലുവാങ്കുടി ക്ഷേത്രവും സമൃദ്ധമായ കുളവും സഞ്ചാരികൾക്ക് കൗതുകകാഴ്ച്ചയാകുന്നു. വനം വകുപ്പിന്റെ ചുമതലയിൽ നാല് വർഷങ്ങൾക്ക് മുൻപ് കുളത്തിലെ ചെളികോരി കോരി വൃത്തിയാക്കാൻ ശ്രമം നടന്നിരുന്നു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്നതും ഈ കുളത്തിലാണ്.
ഇക്കോ ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ള പ്രദേശങ്ങളാണ് ആലുവാങ്കുടിയ പരിസരങ്ങളും. മലനിരകളും ക്ഷേത്രക്കുളവും പുൽമേടുകളും മൊട്ടക്കുന്നുകളും വെള്ളച്ചാട്ടങ്ങളും കാട്ടുചോലകളും ചേർന്ന് ജൈവ വൈവിദ്ധ്യത്തിന്റെ കലവറ തുറക്കുകയാണ്. ക്ഷേത്ര പരിസത്ത് കാണുന്ന ബലികല്ലും കുളവും പുരാതന കാലത്തിവിടെ മഹാക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവുകളാകുന്നു. ഇരട്ടകല്ലാർ പദ്ധതി പ്രദേശമായ രണ്ടാറ്റുമൂഴി, കോട്ടപ്പാറമല, നാനാട്ടുമേട്, അണ്ണൻതമ്പിമേട്, തേരിറിങ്ങിയ പാറ എന്നിവ വൈവിദ്ധ്യം പകരുന്ന കാഴ്ചകളാണ്. ഇവയെല്ലാം ക്ഷേത്രത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലുമാണ്. രണ്ടാറ്റുമൂഴിക്ക് സമീപത്തെ മേടുകളിൽ നിന്നാണ് കല്ലാറിന്റെ ഉത്ഭവം. ഇവിടെ നിന്ന് ജനവാസ മേഖലകളിലേക്ക് 2 കിലോമീറ്റർ ദൂരമുണ്ട്. മലമുകളിലെ ഉറവ നിലയ്ക്കാത്ത കുളത്തിലെ ചെളി കോരി വശങ്ങൾ കെട്ടി പൈപ്പുകളിട്ടാൽ സ്വാഭാവിക ഒഴുക്കിൽ താഴ്വാരങ്ങളിലെ ജനവാസ മേഖലകളിലേക്ക് വെള്ളമെത്തിക്കാൻ കഴിയും. വേനൽകാലത്ത് തുമ്പാക്കുളം, പൂച്ചക്കുളം, മൂർത്തിമൺ, കരിമാൻതോട് പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്.
വെള്ളം ഉപയോഗപ്പെടുത്താം
കടുത്ത വരൾച്ചയിലും വറ്റാത്ത ക്ഷേത്ര കുളത്തിന്റെ ജല സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പിന്റെ ചുമതലയിലോ, ത്രിതല പഞ്ചായത്ത് പദ്ധതിയിലൂടെയൊ കുളം നവീകരിച്ചാൽ നാട്ടുകാർക്കും, ഒപ്പം കാടിറങ്ങാതെ വന്യമൃഗങ്ങൾക്കും ഇവിടുത്തെ വെള്ളം ഉപയോഗപ്പെടുത്താനാവും.